മദ്യമില്ലാതെ മലയാളിക്ക് എന്താഘോഷം; പുതുവർഷത്തലേന്ന് കേരളം കുടിച്ചു തീർത്തുന്നത് 100 കോടിയിലധികം രൂപയുടെ മദ്യം; ഇത് സര്‍വ്വകാല റിക്കോര്‍ഡ്
എല്ലാ ആഘോഷങ്ങളിലും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇന്ന് മദ്യം. മലയാളിയുടെ മദ്യ ഉപഭോഗം ക്രമാതീതമായ വർദ്ധിച്ചിരിക്കുന്നു . ആഴ്ചയുടെ അവസാനവും വിശേഷ ദിവസങ്ങളിലും കാണാറുള്ള മദ്യ വില്പനയുടെ വർദ്ധനവ് തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പുതു വർഷ ആഘോഷത്തിന്റെ ഭാഗമായി കേരളം കുടിച്ചു തീർത്തത് 107.14 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 95.67 കോടി ആയിരുന്നു. ആ റെക്കോർഡ് ആണ് ഇത്തവണ പഴങ്കഥയയത്.
ഏറ്റവും കൂടുതൽ മദ്യം വിറ്റു തീർത്തത് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റ് ആണ്. ഇവിടെ നിന്ന് മാത്രം 1.12 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കൊല്ലം ആശ്രമം ഔട്ട്ലെറ്റാണ് . 96.59 ലക്ഷം രൂപയുടെ മദ്യമാണ് പുതു വർഷത്തിന്റെ തലേ ദിവസം മാത്രം ഇവിടെ നിന്നും വില്പന നടത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറച്ചു മദ്യം വിൽപ്പന നടത്തിയ ഔട്ട്ലെറ്റ് കാസർഗോഡ് ജില്ലയിലെ ബട്ടത്തൂരാണ്. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിൽപ്പന നടത്തിയത്.
സംസ്ഥാനത്തുള്ള എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളും പുതുവർഷത്തലേന്ന് 10 ലക്ഷത്തിലധികം രൂപയുടെ മദ്യം വിൽപ്പന നടത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തവണയും പതിവുപോലെ ഏറ്റവും അധികം ഡിമാൻഡ് ഉണ്ടായിരുന്നത് റമ്മിനാണ് . ഡിസംബർ 22 മുതൽ 31 വരെ ഉള്ള 10 ദിവസങ്ങളിൽ 686 കോടിയിലധികം രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 37 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത് .