കോവിഡ് വൈറസ് തലച്ചോറിനെ ബാധിക്കും; മാസങ്ങളോളം നിലനിൽക്കും; ഗവേഷകരുടെ പുതിയ കണ്ടെത്തൽ
ലോകത്തെ മുഴുവൻ ഞെട്ടിച്ച മഹാമാരി ആയിരുന്നു കോവിഡ്. നീണ്ട രണ്ടു വർഷത്തോളം മനുഷ്യൻ വീട്ടിനുള്ളിൽ അടച്ചിടപ്പെട്ടു. ലോകരാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തന്നെ ഇത് പ്രതികൂലമായി ബാധിച്ചു. സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞു. നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഒടുവിൽ യുദ്ധകാല അടിസ്ഥാനത്തിൽ വിവിധ ലോകരാജ്യങ്ങൾ കോവിഡിനെ ചേറുത്ത് തോൽപ്പിക്കുന്നതിനുതകുന്ന വാക്സിൻ കണ്ടെത്തി. ഒരു പരിധിവരെ കോവിഡിന്റെ ആദിഖ്യത്തെ കുറച്ചു. എന്നാൽ പുതിയ വകഭേദങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നതോടു കൂടി ലോകം വീണ്ടും ആശങ്കയിലാണ്. ഇപ്പോഴിതാ കോവിഡ് വൈറസ് തലച്ചോർ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന പഠനമാണ് പുറത്തു വന്നിരിക്കുന്നത്. രോഗം വന്നവരിൽ എട്ടു മാസത്തോളം വൈറസ് സാന്നിധ്യം നിലനിൽക്കുമെന്നും ഗവേഷകർ പറയുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ നിന്നാണ് ഈ നിർണായക വിവരം കണ്ടെത്തിയത്.
ഈ പഠനം നടത്തിയിരിക്കുന്നത് 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിലാണ്. യുഎസ് നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് ആണ് പഠനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ഇതിൻറെ കണ്ടെത്തലുകൾ മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ചു.
കോവിഡ് വാക്സിൻ എടുക്കാതെ മരിച്ച 11 പേരുടെ തലച്ചോർ ഉൾപ്പെടെ ഉള്ള നാഡീവ്യൂഹത്തിൽ വളരെ വിശദമായ പഠനമാണ് നടത്തിയത്. ഇതുകൂടാതെ കോവിഡ് ബാധിച്ച് മരിച്ച 38 പേരുടെ രക്തത്തിലെ പ്ലാസ്മ ശേഖരിച്ചും പഠനം നടത്തിയിരുന്നു. എന്നാൽ തലച്ചോറിലെ കോശങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്താൻ കോവിഡ് വൈറസിനു കഴിയില്ലെന്ന് ആശ്വാസകരമായ വിവരവും ഈ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.