9 വർഷം മുൻപ് വിദേശത്ത് ജോലിക്ക് പോയ മകൻ മടങ്ങി വന്നില്ല; നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രവീണ്‍ വീഡിയോ കോളിൽ
നീണ്ട ഒൻപത് വർഷത്തിനു ശേഷം മകനെക്കുറിച്ചുള്ള വിവരം ലഭിച്ച സന്തോഷത്തിലാണ് ആര്യനാട് തേളൂർ മണികണ്ഠ വിലാസത്തിൽ സുന്ദരേശൻ ബീഎസ് മണി ദമ്പദികള്‍ . വീഡിയോ കോൾ മുഖേന എങ്കിലും മകനെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇവര്‍. ഇതിന് ഇവരെ സഹായിച്ചത് തിരുവനന്തപുരം നഗരസഭയുടെ മുൻ വാർഡ് കൗൺസിലറായ ഐപി ബിനുവും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും ഇൻസ്പെക്ടറുമായ ആർ പ്രശാന്ത് എന്നിവരാണ്.
കഴിഞ്ഞ ദിവസമാണ് ഐപി ബിനുവിന് പ്രവാസികളായ കനിൽ ദാസിന്റെയും മുജീബിന്റെയും ഫോൺ കോൾ ലഭിക്കുന്നത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ പ്രവീൺ കഴിഞ്ഞ ഒമ്പത് വർഷത്തിൽ അധികമായി നാടുമായി യാതൊരു ബന്ധവുമില്ലാതെ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് ഇവർ അറിയിച്ചു. വിസയും പാസ്പോർട്ടിന്റെ കാലാവധിയുമൊക്കെ കഴിഞ്ഞത്തുകൊണ്ട് ഒരു ജോലിയും ഇല്ലാതെ വളരെ മോശം സാഹചര്യത്തിലാണ് പ്രവീൺ എന്നും ഉടൻതന്നെ പ്രവീണിനെ നാട്ടിലെത്തിക്കണമെന്നും ഇവർ അറിയിച്ചു. ഇതോടെ ബിനു തന്റെ സുഹൃത്തും ആര്യനാട് സ്വദേശിയുമായ പ്രശാന്തിനെ വിവരം അറിയിച്ചു. തുടര്‍ന്നു പ്രവീണിന്റെ വീട് ഇവർ കണ്ടെത്തുകയായിരുന്നു.
നാട്ടിൽ പെയിൻറിങ് ജോലി ചെയ്തു വരികയായിരുന്നു പ്രവീൺ 9 വർഷം മുൻപ് ഒരു കാറ്ററിംഗ് കമ്പനിയിലെ ജോലിക്ക് വേണ്ടിയാണ് അബുദാബിയിലേക്ക് പോകുന്നത്. അവിടെ എത്തി രണ്ടു വർഷത്തോളം വീട്ടുകാരുമായുള്ള ബന്ധം പ്രവീൺ നിലനിർത്തിയിരുന്നു. ഇതിനുശേഷം മറ്റൊരു സ്ഥാപനത്തിലേക്ക് മാറുകയാണ് എന്ന് പ്രവീൺ ബന്ധുക്കളെ അറിയിച്ചു. എന്നാൽ പിന്നീട് പ്രവീണിനെ കുറിച്ച് യാതൊരു വിവരവും ബന്ധുക്കൾക്ക് ലഭിച്ചില്ല . നീണ്ട ഒൻപതു വർഷത്തിനുശേഷമാണ് പ്രവീണിനെ ബന്ധുക്കൾ വീഡിയോ കോളിലൂടെ കാണുന്നത്. ഉടൻതന്നെ പ്രവീണിനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബിനു അറിയിച്ചു.