അച്ഛൻറെ സുഹൃത്തുക്കൾ പിരിച്ചു നൽകിയ പണവുമായി കലോത്സവത്തിനെത്തിയ ആവണിയ്ക്ക് എ ഗ്രേഡിന്റെ പൊൻതിളക്കം
അച്ഛൻറെ സുഹൃത്തുക്കൾ നൽകിയ പണവുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് വന്ന കായംകുളം സെൻറ് മേരീസ് ജിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിനി ആവണിക്ക് എ ഗ്രേഡിന്റെ പൊൻതിളക്കം.
നങ്ങിയാർ കൂത്തിനാണ് ആവണിക്ക് എ ഗ്രേഡ് ലഭിച്ചത്. മകൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ മുതൽ അച്ഛൻ സജീ കുമാറിന് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. സന്തോഷം മാത്രമായിരുന്നില്ല ആ ഉറക്കമില്ലായ്മയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണം. സംസ്ഥാന തലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ എങ്ങനെ പണം കണ്ടെത്തും എന്നതായിരുന്നു അച്ഛൻറെ ആകുലത. യാത്രക്കു തിരിക്കുമ്പോൾ പോലും അദ്ദേഹത്തിൻറെ കയ്യിൽ പണം തികയുമായിരുന്നില്ല. സബ്ജില്ലാ കലോത്സവം മുതൽ തന്നെ നങ്ങിയാർകൂത്തിന് മാത്രമായി 90000 രൂപയാണ് ചെലവ് വന്നത്. സജി ഒരു തയ്യൽ തൊഴിലാളിയാണ്. അതുകൊണ്ടുതന്നെ തുടർ ചെലവുകൾ അദ്ദേഹത്തെ സംബന്ധിച്ച് ഒരു ചോദ്യച്ചിഹ്നമായിരുന്നു. ഗുരുദേവാലയത്തിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനവും അമ്മ പ്രീതയ്ക്ക് പൂക്കടയിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനവും കൊണ്ട് പക്കമേളക്കാരുടെ യാത്ര ചെലവിന് പോലും തികയാത്ത സ്ഥിതിയായിരുന്നു. ഇതോടെ പണം പലിശക്കെടുത്താണ് പക്കമേളം ഉള്‍പ്പടെയുള്ള സംഘത്തിനു ചെലവിനുള്ള പണം കണ്ടെത്തിയത്.
താമസത്തിനും തിരിച്ചുള്ള യാത്രയ്ക്കും സജിയുടെ കൈവശം പണം തികയുമായിരുന്നില്ല. എങ്കിലും മകളെയും കൊണ്ട് പുറപ്പെട്ട സജിയുടെ അക്കൗണ്ടിലേക്ക് അദ്ദേഹത്തിൻറെ പത്താം ക്ലാസിലെ സുഹൃത്തുക്കള്‍ എല്ലാവരും ചേർന്ന് പതിനാറായിരം രൂപ ഇട്ടു കൊടുത്തു. ഈ പണം ലഭിച്ചില്ലായിരുന്നെങ്കിൽ കടത്തിണ്ണയിലോ റെയിൽവേ സ്റ്റേഷനിലോ കിടന്നുറങ്ങേണ്ട സ്ഥിതി വരുമായിരുന്നു എന്നും മകളുടെ മുന്നിൽ ഒരു പരാജയപ്പെട്ട അച്ഛനായി താൻ മാറുമായിരുന്നു എന്നും സജികുമാര്‍ നിറകണ്ണുകളോടെ പറയുന്നു.