ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്ക് ഏതാണ്; റിസർവ് ബാങ്ക് നൽകുന്ന ഉത്തരം ഇങ്ങനെ
പണം സുരക്ഷിതമായി നിക്ഷേപിക്കുവാൻ എല്ലാവരും തെരഞ്ഞെടുക്കുന്നത് ബാങ്കുകളെയാണ്. ഇവയുടെ കൂട്ടത്തിൽ ചെറിയ ഫിനാൻസ് സ്ഥാപനങ്ങൾ മുതൽ പൊതുമേഖല ബാങ്കുകൾ വരെയുണ്ട്. നിരവധി ബാങ്കുകൾ നമ്മുടെ നാട്ടില്‍ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയിൽ ഏറ്റവും സുരക്ഷിതമായ ബാങ്ക് ഏതാണ് എന്ന ചോദ്യം ഒരിക്കലെങ്കിലും നമ്മുടെ മനസ്സിൽ ഉണ്ടായേക്കാം. പലരും കരുതുന്നത് സ്വകാര്യ ബാങ്കുകളെക്കാൾ പൊതുമേഖലാ ബാങ്കുകൾ മാത്രമാണ് സുരക്ഷിതമായ ബാങ്കുകള്‍ എന്നാണ്. എന്നാൽ അങ്ങനെയല്ല. പൊതുമേഖല ബാങ്കുകളോടൊപ്പം സുരക്ഷിതമായ സ്വകാര്യ ബാങ്കുകൾ നിലവിലുള്ള രാജ്യമാണ് ഇന്ത്യ.
കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. ഇതിൽ ഒരു പൊതുമേഖല ബാങ്കും രണ്ട് സ്വകാര്യ ബാങ്കുകളും ആണ് ഇടം പിടിച്ചിരിക്കുന്നത്. ഡൊമസ്റ്റിക് സിസ്റ്റമാറ്റിക് ഇംപോർട്ടന്റ് ബാങ്കുകൾ എന്ന നിലയിലാണ് ഈ ബാങ്കുകളെ റിസർവ് ബാങ്ക് കാണുന്നത്.
എന്താണ് ഡൊമസ്റ്റിക് സിസ്റ്റമാറ്റിക് ഇംപോർട്ടൻസ് ബാങ്കുകൾ. എന്തെങ്കിലും കാരണവശാൽ പരാജയപ്പെട്ടാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ബാങ്കുകളെയാണ് ഇങ്ങനെ റിസർവ് ബാങ്ക് വിളിക്കുന്നത്. എന്ന് പറഞ്ഞാൽ ഒരിക്കലും പരാജയപ്പെടാൻ പാടില്ലാത്ത അത്ര വിപുലമായ ബാങ്ക് എന്ന് ഇതിനെ പറയാം. കാരണം എന്തു പ്രതിസന്ധിഘട്ടമുണ്ടായാലും സർക്കാരിൻറെ എല്ലാവിധ പിന്തുണയും ഈ ബാങ്കിനു ലഭിക്കുമെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ ഗണത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ മൂന്നു ബാങ്കുകളെയാണ് ഡൊമസ്റ്റിക് സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന പട്ടികയിൽ പെടുത്തിയിരിക്കുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം. പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
2008 ഈ ലോകത്ത് ആകമാനം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് ലോകരാജ്യങ്ങൾ എല്ലാവരും ബാങ്കുകളെ സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന പട്ടികയിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയിൽ തന്നെ വളരെ നിർണായകമായ പങ്കു വഹിക്കുന്ന ബാങ്കുകളെയാണ് ഡൊമസ്റ്റിക് സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്കുകൾ ആയി പരിഗണിക്കുന്നത്. എല്ലാവർഷവും ഓഗസ്റ്റിൽ റിസർവ് ബാങ്ക് ഈ ബാങ്കുകളെ വിലയിരുത്തും എന്ന് മാത്രമല്ല ഇവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഈ ബാങ്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആർബിഐയുടെ കർശനമായ നിരീക്ഷണവും ഉണ്ടായിരിക്കും.