പപ്പാഞ്ഞി കത്തിക്കൽ ചടങ്ങ് ഇവിടെ വേണ്ട; പുതുവത്സര ദിനം ഒഴിവായത് വൻ ദുരന്തം
പുതുവത്സര ദിനത്തോടനുബന്ധിച്ച് ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞി കത്തിക്കുന്ന ചടങ്ങ് ഇനി മുതൽ പരേഡ് ഗ്രൗണ്ടിൽ നടത്തരുതെന്ന ആവശ്യവുമായി റെസിഡൻസ് അസോസിയേഷൻ ഹൈക്കോടതിയിലും പോലീസ് കമ്മീഷണർക്കും പരാതി സമർപ്പിച്ചു. പപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ് ഗ്രൗണ്ടിന് വെളിയിലുള്ള മറ്റ് ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
കാർണിവലിൻറെ ഭാഗമായി ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ വലിയ ജനപ്രളയമാണ് ഉണ്ടായത്. കേവലം പതിനായിരം പേരെ മാത്രം ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഒരു പരേഡ് ഗ്രൗണ്ടിൽ 5 ലക്ഷത്തിലധികം പേരെത്തി എന്നാണ് കരുതപ്പെടുന്നത്. വമ്പിച്ച ജനബാഹുല്യമാണ് ഈ പരിപാടിക്ക് ഉണ്ടായത്. ആള്‍ത്തിരക്ക് മൂലം ഒഴിവായത് വൻ ദുരന്തം ആയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. നിരവധി വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ വഴിയിൽ അന്നേ ദിവസം വഴിയില്‍ കുടുങ്ങിപ്പോയി. കേരളം വെറുത്തു പോയി എന്ന് പരാതിപ്പെട്ടവരും കുറവല്ല.
പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാനായി മലപ്പുറം , തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നിന്നും പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം പോലും കിട്ടാതെ കരഞ്ഞവരും അക്കൂട്ടത്തിൽ ഉണ്ട്. കുടിവെള്ളം കിട്ടുന്നതിനു വേണ്ടി പല വീടുകളിലും മുട്ടിയെങ്കിലും ലഭിച്ചില്ലെന്ന് മാത്രമല്ല ആരും വാതില്‍ തുറക്കാന്‍ പോലും തയ്യാറായില്ലന്നു ചിലര്‍ പരാതി പറയുന്നു.
കൂടാതെ ദ്വീപിലേക്ക് കടക്കുന്നതിന് ആവശ്യമായ ബസ് സർവീസുകളോ ജങ്കാറുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 1500 പേര്‍ക്കു മാത്രം കയറാൻ കഴിയുന്ന ജങ്കാറില്‍ 5000 പേരാണ് കയറിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് അപകടം ഉണ്ടാകാതിരുന്നത്. പലരും ബോട്ടിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്നാണ് അക്കരയ്ക്ക് കടന്നത്. ഒട്ടും പ്രതീക്ഷിക്കാതെ 500000 പേരെത്തിയതോടെ പോലീസുകാർക്കും സംഗതി നിയന്ത്രിക്കാൻ കഴിയാതെയായി.