പത്താം ക്ലാസിനു ശേഷം പഠനം ഉപേക്ഷിച്ച് മുഴുവൻ സമയ ബീഡി തൊഴിലാളി; നീളുന്ന കഷ്ടപ്പാടുകള്‍, അലച്ചിലുകള്‍; ഒടുവില്‍ അദ്ദേഹമിന്ന് അമേരിക്കയിൽ ജഡ്ജി; ഇത് സുരേന്ദ്രന്‍ എന്ന മലയാളിയുടെ കഥ
ചില ജീവിത കഥകൾ മെനഞ്ഞെടുത്ത കഥകൾക്കും അപ്പുറം നമ്മളിൽ അത്ഭുതം ജനിപ്പിക്കും. അത്തരമൊരു നിമിഷത്തിനാണ് ഇന്ന് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യന്‍ അമേരിക്കൻ സ്വദേശിയായ സുരേന്ദ്രൻ കെ പട്ടേൽ അമേരിക്കയിലെ ടെക്സാസിൽ ജില്ലാ ജഡ്ജി ആകുമ്പോൾ അതിനെ അത്ഭുതമെന്നല്ലാതെ എന്ത് വിളിക്കാൻ. സിനിമ കഥകൾക്കും അപ്പുറം ഉദ്യോഗം ജനിപ്പിക്കുന്ന കാസർകോട്ടുകാരനായ തൊഴിലാളിയുടെ മകൻ സുരേന്ദ്രന്റെ ജീവിതം ആരെയും അമ്പരപ്പിക്കും.
അതി കഠിനമായ ദാരിദ്ര്യത്തിലാണ് സുരേന്ദ്രൻ ചെറുപ്പകാലം ചിലവിട്ടത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സഹോദരിയുടെ ഒപ്പം ബീഡി തൊഴിലാളിയായി സുരേന്ദ്രൻ ജോലിക്ക് പോയിരുന്നു. പത്താം ക്ലാസിനു ശേഷം പഠനം പൂർണമായി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ തൊഴിലാളിയായി മാറി സുരേന്ദ്രൻ. എന്നാൽ ഒരു വർഷത്തിനു ശേഷം അദ്ദേഹം വീണ്ടും തുടർന്ന് പഠിക്കാൻ തീരുമാനിച്ചു. അങ്ങനെ ഈ കെ നായനാർ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ പ്രവേശനം ലഭിച്ചു. അപ്പോഴും ഏക വരുമാന മാർഗം ആയിരുന്ന ബീഡിത്തൊഴില്‍ അദ്ദേഹം നിർത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഹാജർ നന്നേ കുറവായിരുന്നു. അതിനാൽ അധികൃതർ ആദ്യം പരീക്ഷ എഴുതാൻ അനുവദിച്ചില്ല. ഏറെ ശ്രമപ്പെട്ടു പരീക്ഷ എഴുതുന്നതിനുള്ള അനുമതി അദ്ദേഹം അധ്യാപകരിൽ നിന്നും നേടിയെടുത്തു. ഒടുവിൽ പരീക്ഷയുടെ ഫലം വന്നപ്പോൾ സുരേന്ദ്രൻ കോളേജ് ടോപ്പർ ആയി. അതിനു ശേഷം അധ്യാപകരുടെ എല്ലാ പിന്തുണയും സുരേന്ദ്രനു ഉണ്ടായിരുന്നു. ബിരുദ പഠനത്തിലും സുരേന്ദ്രനായിരുന്നു കോളേജിൽ ഒന്നാമത് എത്തിയത്.
ചെറുപ്പം മുതൽ തന്നെ വക്കീലാവുക എന്നതായിരുന്നു വലിയ സ്വപ്നം. അതിനായി കോഴിക്കോട് ഗവൺമെന്റ് കോളേജിൽ നിന്നും എൽഎൽബി എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ സാമ്പത്തികം അവിടെയും ഒരു പ്രശ്നമായിരുന്നു. ആദ്യ വർഷം കോളേജിലെ തന്നെ ചില സുഹൃത്തുക്കൾ സഹായിച്ചു. എന്നാൽ അടുത്ത വർഷം തൊട്ട് ഒരു ഹോട്ടലിൽ ഹൗസ് കീപ്പിങ് ജോലി ചെയ്യാൻ ആരംഭിച്ചു. 1995ൽ അദ്ദേഹം നിയമ ബിരുദം പൂർത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. തന്റെ തന്നെ ജൂനിയർ ആയ സുധ എന്ന അഭിഭാഷയെ അദ്ദേഹം വിവാഹം കഴിച്ചു. സുധയ്ക്ക് പിന്നീട് സ്റ്റാഫ് നേഴ്സ് ആയി ഡല്‍ഹിയില്‍ ജോലി ലഭിച്ചു. അവർ അങ്ങനെ ഡൽഹിയിലേക്ക് മാറി. സുരേന്ദ്രന്‍ പിന്നീട് ഡൽഹിയിൽ സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. അധികം വൈകാതെ ഭാര്യയ്ക്ക് അമേരിക്കയിലെ ഹോസ്റ്റലിൽ ജോലി ലഭിച്ചു. പിന്നീട് അവർ രണ്ടാളും ചേർന്ന് അമേരിക്കയിൽ പോയി. അന്ന് സുരേന്ദ്രൻ ജോലി ചെയ്തിരുന്നത് ഒരു പലചരക്ക് കടയിലായിരുന്നു. പിന്നീട് അദ്ദേഹം അമേരിക്കയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. അപ്പോഴാണ് ജഡ്ജി ആകണമെന്ന മോഹമുദിക്കുന്നത്. 2017ൽ അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം ലഭിച്ചു.
നിരവധി പരിശ്രമങ്ങൾക്കൊടുവിൽ ഡെമോക്രാറ്റിക് പാർട്ടി അദ്ദേഹത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എതിർകക്ഷിയെ പരാജയപ്പെടുത്തി അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയം കൊയ്തു. നിലവിൽ അമേരിക്കയിലെ ടെക്സാസിലെ 240 ആം ജില്ലാ ജഡ്ജിയാണ് സുരേന്ദ്രൻ.