60 കീമോകൾക്കും അവനിയുടെ ഉള്ളിലെ സംഗീതത്തെ തകർക്കാൻ കഴിഞ്ഞില്ല; പിഴയ്ക്കാത്ത ശ്രുതിയുമായി സംഗീത ലോകത്ത് അത്ഭുതം തീർക്കുന്ന കൊച്ചു മിടുക്കി
ക്ഷമയുടെ പര്യായമാണ് ഭൂമി. ഭൂമിയുടെ മറ്റൊരു പേരാണ് അവനി. തിരുവനന്തപുരം വെഞ്ഞാറമൂട് ഗവൺമെന്റ് എസ്എസ്എൽസിലെ പ്ലസ് ടു വിദ്യാർഥിനി ആയ അവനി വേദനകളെ കടിച്ചമർത്തി, താനും ഭൂമിയെ പോലെ ക്ഷമയുള്ളവളാണ് എന്ന് തെളിയിച്ചിരിക്കുകയാണ്. ക്യാൻസർ രോഗം ശരീരത്തിൽ സംഹാരതാണ്ഡവമാടുമ്പോഴും സംഗീതമാണ് അവളെ നിലനിർത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് എ ഗ്രേഡ് ലഭിക്കുമ്പോൾ അത് വേദനകൾക്ക് നേരെ പൊരുതി നേടിയ അംഗീകാരമായി മാറുന്നു.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ അവനി കിളിമാനൂർ ശിവപ്രസാദിന് കീഴിൽ സംഗീത പഠനം അഭ്യസിച്ചിരുന്നു. എട്ടാം ക്ലാസിൽ ആയപ്പോഴാണ് അവനിയുടെ ശരീരത്തിൽ ക്യാൻസർ രോഗം പിടിമുറുക്കുന്നത്. പാടുമ്പോൾ ശ്വാസം കിട്ടാതെ വന്നതോടെയാണ് അവനിയെ അച്ഛൻ സന്തോഷും അമ്മ സതീജയും ചേർന്ന് ഡോക്ടറെ കാണിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ നെഞ്ചിലെ കശേരുക്കളില്‍ അർബുദം ഉണ്ടെന്ന് കണ്ടെത്തി. അവളുടെ രോഗാവസ്ഥ കണ്ട് മാതാപിതാക്കൾ മാനസികമായി തകർന്നുവെങ്കിലും അവനി എല്ലാം സഹിച്ചു. ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഒരു വർഷത്തോളം അവൾക്ക് പാടാൻ കഴിഞ്ഞില്ല.
നീണ്ട ഒരു വർഷത്തിനു ശേഷം അവൾക്ക് വീണ്ടും സ്റ്റേജിൽ കയറി പാടണം എന്ന് ആഗ്രഹമുണ്ടായി. 2019ല്‍ കാസർകോട് നടന്ന സംസ്ഥാന കലോത്സവത്തിൽ എച്ച് എസ് വിഭാഗം കഥകളി സംഗീതത്തിലും ,ശാസ്ത്രീയ സംഗീതത്തിലും , പദ്യം ചൊല്ലലിലും അവൾ ഒന്നാം സ്ഥാനം നേടി. 60 തവണ അവനിയുടെ ശരീരത്തിൽ കീമോതെറാപ്പി നടത്തി. എന്നിട്ടും അവളുടെ സ്വര മാധുര്യത്തിന് ഒരു കുറവും സംഭവിച്ചില്ല.
ഡോക്ടർ പറഞ്ഞതനുസരിച്ച് ആറുമാസം മുൻപാണ് അവനി അർബുദത്തിനുള്ള മരുന്നുകൾ കഴിക്കുന്നത് നിർത്തിയത്. ഇന്ന് കേരളത്തിനകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമാണ് അവനി.