മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവന്‍സുകളും പെൻഷനുമുള്പ്പടെ വര്‍ദ്ധിപ്പിക്കാന്‍ ശുപാർശ; പുതിയ കണക്കുകൾ ഇങ്ങനെ
എം എൽ എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും പെൻഷനും മറ്റ് അലവൻസുകളും കൂട്ടുന്നതിന് ശുപാർശ സമർപ്പിച്ചു. 35% വരെ വർദ്ധിപ്പിക്കാനാണ് തീരുമാനം. ശമ്പളവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനാണ് ഈ ശുപാർശ മുന്നോട്ടു വച്ചത്. കേരള നിയമസഭാ സ്പീക്കറുടെ മുന്നിൽ സമർപ്പിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുകയാണ്.
നിലവിൽ പ്രതിപക്ഷ നേതാവ് മന്ത്രിമാർ ചീഫ് വിപ്പ് എന്നിവർക്ക് ശമ്പളവും മറ്റ് അലവന്‍സുകളുമായി 97,429 രൂപയാണ് ലഭിക്കുന്നത്. എംഎൽഎമാർക്ക് 70,000 രൂപയാണ് നിലവിൽ ലഭിക്കുന്ന ശമ്പളം. ഇത് യഥാക്രമം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും ഒരു ലക്ഷം രൂപയും ആക്കി വർദ്ധിപ്പിക്കാനാണ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. കൂടാതെ ഇവർക്ക് ലഭിക്കുന്ന യാത്രപ്പടി ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളിൽ 35% വരെ വർദ്ധനയ്ക്കും ശുപാർശയുണ്ട്.
നിലവില്‍ പെൻഷൻ ഇനത്തിൽ ലഭിക്കുന്നത് 8000 രൂപ മുതൽ 20,000 രൂപ വരെ ആയിരുന്നു. ഇത് 11000 രൂപ മുതൽ 27000 രൂപ വരെ ആയി വർദ്ധിപ്പിക്കും. ഒരു ദിവസം മാത്രം എംഎൽഎ ആയിരുന്ന ഒരാൾക്ക് നിലവിൽ 8000 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. അഞ്ചു വർഷം എംഎൽഎയായി പൂർത്തിയാക്കിയ ഒരാൾക്ക് ഇരുപതിനായിരം രൂപയും കിട്ടിയിരുന്നു. കൂടാതെ അഞ്ചു വർഷത്തിലധികം എം എൽ എ ആയിരുന്ന ഒരു വ്യക്തിക്ക് പിന്നീടുള്ള ഓരോ അധിക വർഷവും 1000 രൂപ വെച്ച് കൂടുതൽ പെന്‍ഷനാണ് ലഭിക്കുന്നത്.
മന്ത്രിമാർക്ക് എംഎൽഎമാർക്കും ഏറ്റവും ഒടുവിൽ ശമ്പള വർദ്ധനവ് നടപ്പിലാക്കിയത് 2018 ലായിരുന്നു.
അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് ധനമന്ത്രി ഉൾപ്പെടെയുള്ളവർ ആവർത്തിക്കുന്നതിനിടയാണ് ഇത്തരത്തിൽ മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവും പെൻഷനും മറ്റ് അലവസുകളും വർധിപ്പിക്കാനുള്ള ശുപാർശ സർക്കാരിന്റെ മുന്നിലേക്ക് വരുന്നത്. ഇത് മന്ത്രിസഭ അംഗീകരിക്കുകയാണെങ്കിൽ അധികം വൈകാതെ തന്നെ നിയമസഭയിൽ ബില്ലായി എത്തുകയും ചെയ്തേക്കാം.