നിരവധി ഡാൻസ് ബാറുകളിൽ കള്ളപ്പണ നിക്ഷേപം; പ്രവീൺ റാണ 150 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ്
നിരവധി നിക്ഷേപകരെ പറ്റിച്ച് സ്വന്തമാക്കിയ പണം പ്രവീണ്‍ റാണ ഡാൻസ് ബാറുകളിലും സിനിമയിലും നിക്ഷേപിച്ചതായി കണ്ടെത്തി. ഏകദേശം 180 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നിഗമനം.
താൻ ഒരു ശതകോടീശ്വരൻ ആണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ഇയാൾ ഒരു റിസോർട്ടും നടത്തി വന്നിരുന്നു. നിക്ഷേപകരെ പറ്റിച്ച് സ്വന്തമാക്കിയ 80 കോടിയിലധികം രൂപേ ബോംബെ , ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടത്തി എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ പ്രധാനമായും ഇവിടെയുള്ള ചൂതാട്ട കേന്ദ്രങ്ങളിലാണ് ഈ പണം നിക്ഷേപിച്ചിട്ടുള്ളത്. മുംബൈയിലും ബാംഗ്ലൂരിലും ഉള്ള ഡാൻസ് ബാറുകളിൽ ഇയാൾ പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിക്കഴിഞ്ഞു.
ഇതുകൂടാതെ കൊച്ചിയിലുള്ള ഹോട്ടൽ ബിസിനസുകാരനുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുണ്ട്. റാണയുടെ ഹോട്ടൽ ബിസിനസ് പങ്കാളിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രവീൺ നായകനായി അഭിനയിച്ച ചോരന്‍ എന്ന ചിത്രത്തിലും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തൃശ്ശൂർ റൂറൽ പോലീസ് എ എസ് ഐ ആയ സാന്റോ ആണ്.
നിക്ഷേപകരെ ആകർഷിക്കുന്നതിനു വേണ്ടിയാണ് ഇയാൾ റാണാസ് റിസോർട്ട് നടത്തിയിരുന്നത്. ഈ റിസോർട്ട് അരിമ്പൂർ സ്വദേശികളായ നാലു പേരുടേതാണ്. അവരുടെ കയ്യിൽ നിന്നും പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപയ്ക്ക് ഇയാള്‍ റിസോർട്ട് വാടകയ്ക്ക് എടുത്തതായിരുന്നു. തുടർന്ന് റിസോർട്ടിന്റെ യഥാർത്ഥ പേരായ സൂര്യ എന്ന പേര് മാറ്റി റാണാസ് എന്നാക്കുകയും ചെയ്തു. ആറര കോടി രൂപയ്ക്കാണ് ഈ റിസോർട്ട് വാങ്ങിയത് എന്നാണ് ഇയാൾ എല്ലാവരോടും പറഞ്ഞു ധരിപ്പിച്ചിരുന്നത്. എന്നാൽ മാസ വാടക മുടങ്ങിയതോടെ റിസോർട്ടിന്റെ ഉടമകൾ ഇയാളെ പുറത്താക്കുകയായിരുന്നു.