ഇനിമുതൽ എലിയെ കൊല്ലാൻ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണം; നിയമം തെറ്റിച്ചാൽ മൂന്നുവർഷം തടവും പിഴയും
എലിയെ കൊല്ലുന്നത് ഒരു കുറ്റമാണോ..? എന്തു കുറ്റം എന്ന് പറയാൻ വരട്ടെ. ഇനിമുതൽ നാടൻ കാക്ക, വവ്വാൽ , ചുണ്ടെലി, പന്നിയെലി എന്നിവയെ കൊല്ലുന്നതിന് കേന്ദ്രസർക്കാരിൻറെ മുൻകൂർ അനുമതി വാങ്ങണം എന്നാണ് ചട്ടം. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഏറ്റവും പുതിയ ഭേദഗതി അനുസരിച്ചാണ് ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വന്നത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം നിലവിൽ വന്നത് കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ്. ഏതെങ്കിലും കാരണവശാൽ നിയമം ലംഘിക്കുകയാണെങ്കിൽ മൂന്നു വർഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക.
കേരളത്തിൽ നാടൻ കാക്ക , ചുണ്ടെലി, വവ്വാൽ, പന്നിയെലി എന്നിവയെ വന്യജീവി സംരക്ഷണ നിയമം അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെട്ട ജീവികളായാണ് ഇപ്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ ഭേദഗനുസരിച്ച് ഷെഡ്യൂൾ രണ്ടിന്റെ സംരക്ഷണ പരിധിയിലാണ് മുകളിൽ പറഞ്ഞ ജീവികൾ ഉൾപ്പെട്ടിട്ടുള്ളത്. ഇതോടെ ഷെഡ്യൂൾ 5 പൂർണമായും ഇല്ലാതായി.
കാക്ക, ചുണ്ടെലി, വവ്വാൽ എന്നിവയുടെ എണ്ണം വൻതോതിൽ കുറയുന്നത് മൂലമാണ് ഇവയെ കൊല്ലുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത് ക്രമാതീതമായി കുറയുന്നു എന്ന് കണ്ടെത്തിയാൽ ഇവയെ ഒരു നിശ്ചിത കാലത്തേക്ക് കൊല്ലുന്നതിന് കേന്ദ്രസർക്കാരിനോട് അനുമതി തേടാം. ഇതിനായി അപേക്ഷ സമർപ്പിക്കുകയും വേണം.
വന്യജീവി സംരക്ഷണ നിയമത്തില് ഉൾപ്പെട്ട ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചു എങ്കിൽ മാത്രമേ ഇവയെ കൊല്ലുന്നതിന് അനുവാദം ഉള്ളൂ. അതേസമയം കൃഷിക്കും മറ്റും നാശനഷ്ടം വരുത്തിവെക്കുന്ന ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലുന്നതിന് ഹൈക്കോടതി അനുവദിച്ചിട്ടുണ്ടെങ്കിലും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ല. നിലവിൽ ഷെഡ്യൂൾ രണ്ടിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.