ഭക്ഷണം മോശമാണെന്ന് പറഞ്ഞ് ഹോട്ടൽ ഉടമകളുടെ കയ്യിൽ നിന്നും പണം തട്ടുന്ന യുവാവ് പോലീസ് പിടിയിൽ; ഇത് സംസ്ഥാനത്ത് ആദ്യം; ഇയാളുടെ തട്ടിപ്പ് രീതി ഇങ്ങനെ

ഹോട്ടൽ ഉടമകളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്ന വയനാട് മാനന്തവാടി സ്വദേശി ബേസിൽ വർക്കി ഒടുവില്‍ പോലീസ് പിടിയിൽ. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

hotel fraud
ഭക്ഷണം മോശമാണെന്ന് പറഞ്ഞ് ഹോട്ടൽ ഉടമകളുടെ കയ്യിൽ നിന്നും പണം തട്ടുന്ന യുവാവ് പോലീസ് പിടിയിൽ; ഇത് സംസ്ഥാനത്ത് ആദ്യം; ഇയാളുടെ തട്ടിപ്പ് രീതി ഇങ്ങനെ 1

ബേസിൽ ഒരു ഇന്റീരിയർ ഡിസൈനർ ആയി ജോലി നോക്കുകയാണ്. പത്രത്തില്‍ വരുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വാർത്തകൾ ഉപയോഗപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തി വന്നിരുന്നത്. ഹോട്ടല്‍ ഉടമകളുടെ നമ്പർ ശേഖരിച്ച് ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. താൻ വക്കീൽ ആണെന്നും ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച തന്റെ കുട്ടി അവശനിലയിൽ ഹോസ്പിറ്റലിലാണെന്നും പോലീസിൽ റിപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി.

എറണാകുളത്തെ സരിത തീയേറ്ററിന് സമീപമുള്ള ഹോട്ടലിലേക്ക് കഴിഞ്ഞ ദിവസം ഇതേ രീതില്‍  ബേസിൽ വിളിച്ചു. ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയില്‍  റബർബാൻഡ് ഉണ്ടായിരുന്നെന്നും അത് കഴിച്ചു തന്‍റെ കുട്ടിയുടെ തൊണ്ടയിൽ റബർബാൻഡ് കുടുങ്ങി എന്നും ആശുപത്രിയിൽ ആണെന്നും ഇയാൾ പറഞ്ഞു. ബിരിയാണിയുടെ മുകളിൽ ഒരു റബ്ബർ ബാൻഡ് വെച്ച് ഫോട്ടോയെടുത്ത് ഹോട്ടൽ ഉടമയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഈ ബിരിയാണി കണ്ടപ്പോൾ തന്നെ തന്റെ ഹോട്ടലിൽ ഉണ്ടാക്കിയ ബിരിയാണി അല്ല ഇതെന്ന് അദ്ദേഹത്തിന് മനസ്സിലായി. ബില്ല് ചോദിച്ചെങ്കിലും ബില്ല് ഇല്ല എന്നായിരുന്നു മറുപടി നൽകിയത്. കൂടുതൽ സംസാരിച്ചാൽ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നും ആശുപത്രി ചെലവിനായി പതിനായിരം രൂപ വേണമെന്നും ഇയാൾ അറിയിച്ചു. എന്നാൽ ഹോട്ടൽ അസോസിയേഷന്റെ ഭാരവാഹി കൂടിയായ ഹോട്ടലുടമ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പാർസൽ വാങ്ങി എന്ന് പറയുന്ന സമയം ബേസിൽ നാട്ടിലില്ലായിരുന്നു എന്ന് കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ഇത്തരത്തിൽ പല ഹോട്ടലുകൾ നിന്നും പണം വാങ്ങുന്നത് ഇയാളുടെ ശീലമാണെന്നും അറിയാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button