പുതിയ ഭൂമി കണ്ടെത്തി നാസ; ഇത് ഭൂമിയുടെ വലുപ്പമുള്ള മറ്റൊരു ഗ്രഹം; സൗരയൂഥത്തിന് പുറത്തെ ഭൂമിയുടെ വിശേഷങ്ങൾ ഇങ്ങനെ
സൗരയൂഥത്തിന് പുറത്ത് ഭൂമിയുടെ അതേ വലിപ്പമുള്ള മറ്റൊരു ഗ്രഹം നാസ കണ്ടെത്തി. സൂര്യന്റെ ചുറ്റും ഭൂമി വലം വക്കുന്നതുപോലെ മറ്റൊരു നക്ഷത്രത്തിന് ചുറ്റും ഈ ഗ്രഹം കറങ്ങിക്കൊണ്ടേയിരിക്കും. ഇതിൻറെ ഭ്രമണം രണ്ടു ദിവസത്തിൽ ഒരിക്കലാണ്.
നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പ് കണ്ടെത്തുന്ന ആദ്യത്തെ ഗ്രഹമാണ് ഇത്. ഈ ഗ്രഹത്തിന് നാസ പേരിട്ടിരിക്കുന്നത് എൽഎച്ച്എസ്എസ് 475 ബി എന്നാണ്. ഇതിന് ഭൂമിയുടെ വലുപ്പത്തിന്റെ അത്രത്തോളം വലുപ്പം ഉണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.
അമേരിക്കയിലെ മേരി ലാൻഡിലെ ജോൺസ് ഹോക്കിൻസ് യൂണിവേഴ്സിറ്റി അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞന്മാരായ ജേക്കബ് യൂസിങ്, ഈഗർ കെവിൻ സ്റ്റീവൻ സൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗ്രഹത്തെ വിശദമായി നിരീക്ഷിച്ചു റിപ്പോർട്ട് തയ്യാറാക്കിയത്.
ഈ ഗ്രഹം പാറക്കെട്ടുകൾ നിറഞ്ഞതാണെന്നു അവർ പറയുന്നു. ഈ ഗ്രഹത്തിന്റെ ചിത്രങ്ങൾ പകർത്താനും കഴിഞ്ഞിട്ടുണ്ട്. നാസയുടെ ട്രാൻസിറ്റിങ് എക്സാം പ്ലാനറ്റ്സർവേ എന്ന ഉപഗ്രഹം ഈ ഗ്രഹവുമായി ബന്ധപ്പെട്ട ചില സൂചനകൾ നേരത്തെ തന്നെ നൽകിയിരുന്നതാണ്. ഈ ഗ്രഹത്തിന് ഭൂമിയുടെ അത്രതന്നെ വലിപ്പമുണ്ടെങ്കിലും ഭൂമിയിലെ അന്തരീക്ഷം ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഈ ഗ്രഹത്തിൽ 100 ഡിഗ്രിയിൽ കൂടുതൽ ചൂടുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശുക്രനിലേത് പോലെ കട്ടി കൂടിയ മേഘ പടലം ഉള്ള അന്തരീക്ഷം ആകാം ഈ ഗ്രഹത്തിൽ ഉള്ളത് എന്നാണ് ശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നത്.
ജെയിംസ് വെബ്ബിന് മാത്രമാണ് ഇത്തരത്തിൽ വിദൂര ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ച് കണ്ടെത്താൻ ശേഷിയുള്ളത്. അധികം വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
പുതിയ ഗ്രഹം ദക്ഷിണ ആകാശത്തിലെ ഒക്ടാൻസ് എന്നറിയപ്പെടുന്ന നക്ഷത്ര സമൂഹത്തിൽ നിന്നും 41 പ്രകാശ വർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.