ആഷിക് അബുവും രാജീവ് രവിയും തന്നെ വിമർശിക്കുന്നത് പ്രശസ്തരാകാൻ വേണ്ടി; ന്യൂ ജനറേഷന്‍ സംവിധായകരെന്നാണ് അവര്‍ സ്വയം വിളിക്കുന്നത്; അവർക്ക് പുതുമ അവകാശപ്പെടാൻ ഒന്നുമില്ല; വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നിലനിൽക്കുന്നു എന്ന ആരോപണം നിരാകരിച്ച അദ്ദേഹം ഡയറക്ടർ ശങ്കർ മോഹന്‍ ഒരു തികഞ്ഞ പ്രൊഫഷണൽ ആണെന്നും അഭിപ്രായപ്പെട്ടു. പ്രൊഫഷണൽ ആയ ഒരു വ്യക്തിക്ക് വിവേചനപരമായി വിദ്യാർത്ഥികളോട് പെരുമാറാൻ കഴിയില്ല. ഫിലിം ഇൻസ്റ്റ്യൂട്ടിൽ ജാതിക്ക് ഒരു സ്ഥാനവുമില്ല.
ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ ഒരു സെക്യൂരിറ്റി ഗാർഡ് ആണ് . 2014 മുതൽ അയാൾക്കാണ് ഇൻസ്റ്റ്യൂട്ടിന്റെ സുരക്ഷാ ചുമതല ഉള്ളത്. അയാൾ ഒരു മുൻ സൈനികനാണ്. അതുകൊണ്ടുതന്നെ അയാൾക്ക് മദ്യത്തിന്റെ ക്വാട്ടയുണ്ട്. അയാൾ തനിക്കുള്ള മദ്യത്തിന്റെ ക്വാട്ട ഉപയോഗിച്ച് വിദ്യാർഥികളെ വശീകരിച്ചു. മോഹൻ ശങ്കർ ചുമതല ഏറ്റെടുത്തതിനു ശേഷം 17 ചാക്ക് ഒഴിഞ്ഞ മദ്യക്കുപ്പികളാണ് മെൻസ് ഹോസ്റ്റലിന്റെ പരിസരത്ത് കണ്ടെത്തിയത്. തുടർന്ന് സെക്യൂരിറ്റി ഗാർഡിനെ മാറ്റണമെന്ന് ആവശ്യവുമായി അദ്ദേഹം ഏജൻസിയെ സമീപിച്ചു. ഏജൻസി അതിനു തയ്യാറായെങ്കിലും സെക്യൂരിറ്റി ഗാർഡ് അവിടെ നിന്നും പോകാൻ കൂട്ടാക്കിയില്ല. അയാൾ ഒരു സെക്യൂരിറ്റി മാത്രമല്ല ഗുണ്ട കൂടിയാണെന്ന് അടൂർ ആരോപിച്ചു.
അതേസമയം തനിക്കെതിരെ ആഷിക് അബുവും രാജീവ് രവിയും വിമർശനമുന്നയിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണെന്ന് അടൂർ പറയുന്നു. ന്യൂജനറേഷൻ സംവിധായകനാണ് അവർ എന്നാണ് സ്വയം അവകാശപ്പെടുന്നത്. അവരുടെ സംവിധാനത്തിൽ എന്ത് പുതുമയാണ് ഉള്ളതെന്ന് തനിക്ക് മനസ്സിലാകുന്നില്ലന്നും അടൂർ കൂട്ടിച്ചേർത്തു.