നടു റോഡിൽ വച്ച് എസ്ഐയോട് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വെല്ലുവിളി; ഒടുവിൽ എസ്ഐക്ക് സ്ഥലം മാറ്റം; സംഭവം വിവാദമായതോടെ നടപടി പിൻവലിച്ചു
കായംകുളം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയ ശ്രീകുമാറിനെ നടു റോഡിൽ വച്ച് സിപിഎം ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്കർ നമ്പലശ്ശേരി വെല്ലു വിളിച്ചു. അധികം വൈകാതെ എസ്ഐയെ സ്ഥലം മാറ്റി. സംഭവം സമൂഹ മാധ്യമത്തിൽ വലിയ വിവാദമായി മാറിയതോടെ നടപടി പിൻവലിക്കുക ആയിരുന്നു.
കായംകുളത്ത് ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസ മന്ത്രി ബി ശിവൻകുട്ടി ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിന് എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. മന്ത്രി പ്രസംഗിക്കുന്ന വേദിയിലേക്കുള്ള റോഡിൽ വാഹന ഗതാഗതം തടയുന്നതിനിടെയാണ് ബൈക്ക് മാറ്റി വച്ച ശേഷം അഷ്കർ സബ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ അടുത്തെത്തി വെല്ലുവിളി നടത്തിയത്. ഹെൽമെറ്റ് ധരിക്കാതിരുന്നത് ചോദ്യം ചെയ്തതാണ് അഷ്ക്കറിനെ ചൊടിപ്പിച്ചത്. വാക്ക് തർക്കം ഒടുവിൽ കയ്യാങ്കളിയോളം എത്തുകയും ചെയ്തു. പരസ്പരം വെല്ലുവിളികളും ഉണ്ടായി. ഇരുവർക്കും ഇടയിലുള്ള വാക്ക് തർക്കം റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു. ഒടുവിൽ ട്രാഫിക് നിയന്ത്രിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ നേതാവിനെ അനുയായിപ്പിച്ച് സംഭവ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു.
പിന്നീട് എസ്ഐക്കെതിരെ അഷ്കർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റം സമൂഹ മാധ്യമത്തിൽ വേഗം തന്നെ വൈറലായി മാറി. തന്നോട് സബ് ഇൻസ്പെക്ടർ ശ്രീകുമാറിനു മുൻ വൈരാഗ്യം ഉണ്ടെന്നും അതുകൊണ്ടാണ് മോശമായി പെരുമാറിയത് എന്നുമാണ് അഷ്കർ പറയുന്നത്. സംഭവം നടന്ന് അധികം വൈകാതെ എസ്ഐയെ കായംകുളത്തു നിന്നും ഹരിപ്പാട്ടേക്ക് സ്ഥലം മാറ്റിയ റിപ്പോർട്ട് പുറത്തു വന്നു. ഇത് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായി മാറി, തുടര്ന്ന് സ്ഥലംമാറ്റം റദ്ദ് ചെയ്യുക ആയിരുന്നു.