ഇനിമുതൽ കെ എസ് ആർ ടി സി ബസുകൾ നിങ്ങളുടെ വീട്ടു പടിക്കൽ എത്തും; ഫീഡർ സർവീസുകൾ ആരംഭിച്ചു
പൊതു ഗതാഗത്തിന് കൂടുതൽ ഊന്നല്‍ നൽകിക്കൊണ്ട് പുത്തൻ നയം പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇതിന്‍റെ ഭാഗമായി ഫീഡർ സർവീസുകൾ ആരംഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അറിയിച്ചു. കെ എസ് ആർ ടി സി ബസുകൾ വീട്ടു പടിക്കൽ എത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച ഫീഡർ സർവീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുന്നതിനിടയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
നഗരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടറോഡുകളിൽ താമസിക്കുന്നവർക്കും അതുപോലെതന്നെ റസിഡൻറ് ഏരിയകളിൽ താമസിക്കുന്നവർക്കും ബസ് സൗകര്യം ഇല്ലാത്തതു കൊണ്ട് സ്വകാര്യ വാഹനങ്ങളെ ആണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. അതിനാൽ സ്വകാര്യ വാഹനങ്ങൾ പെരുകുന്ന പ്രവണത സംസ്ഥാനത്ത് കൂടി വരികയാണ്. കോവിഡിന് ശേഷമാണ് ഈ നില ഗണ്യമായി വർദ്ധിച്ചത്. സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് മൂലം ഗതാഗത കുരുക്കും വാഹനപ്പെരുപ്പവും അപകടങ്ങളും ക്രമാതീതമായി വർദ്ധിച്ചു. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് ഫീഡർ സർവീസുകൾ ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് യാത്ര നടത്തുന്നതിനേക്കാൾ ഏറെ ലാഭകരമാണ് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചു കൊണ്ടുള്ള സഞ്ചാരം. പൊതു ഗതാഗത സംവിധാനം ഇല്ലാതെയാകുന്നതോടെ സ്വകാര്യ മേഖലയിൽ നിരക്ക് അമിതമാകാൻ ഇട വരും. കെ എസ് ആർ ടി സി പുതിയതായി ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കുന്നതോടെ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഫീഡർ സർവീസുകളിൽ ഇലക്ട്രിക് ബസുകൾ കൂടി ഉള്‍പ്പെടുത്തുമെന്നും അത് യാത്ര കൂടുതല്‍ എളുപ്പമാക്കുമെന്നും മന്ത്രി അറിയിച്ചു.