ഗൂഗിളിന് എങ്ങനെയാണ് വരുമാനം ലഭിക്കുന്നത്; അറിയാം ആ രഹസ്യം
ദൈനംദിന ജീവിതത്തിലുള്ള എല്ലാ സംശയങ്ങളുടെയും നിവാരണത്തിന് ആദ്യം തിരഞ്ഞു പോകുന്നതും ആശ്രയിക്കുന്നതും ഗൂഗിളിനെയാണ്. അതുകൊണ്ടുതന്നെ ഗൂഗിൾ ഇന്ന് നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഭാഗമായി മാറിയിരിക്കുകയാണ്. നമ്മുടെ ഏത് ചോദ്യത്തിനുമുള്ള ഉത്തരവും നൽകുന്ന ഗൂഗിളിന് എങ്ങനെയാണ് വരുമാനം ലഭിക്കുന്നത് എന്നതിനെക്കുറിച്ച് പലർക്കും സംശയം ഉണ്ടായേക്കാം. പലരുടെയും മനസ്സിലുള്ള ഒരു ചോദ്യവും ആയിരിക്കാം ഇത്.
എന്നാൽ ഒന്നറിഞ്ഞു കൊള്ളുക, ഗൂഗിളിന്റെ വരുമാനത്തിന്റെ 84 ശതമാനം ലഭിക്കുന്നത് പരസ്യത്തിൽ നിന്നാണ്. നമ്മൾ കണ്ടു പരിചയിച്ച രീതിയിലുള്ള ഒരു പരസ്യ സംവിധാനം അല്ല ഗൂഗിളിന് ഉള്ളത്. ഗൂഗിളിന്റെ പരസ്യ സംവിധാനം പ്രവർത്തിക്കുന്നത് ഗൂഗിൾ സർച്ചിലൂടെയാണ്. ഒരു ഉപയോക്താവ് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നു. നമ്മൾ സെർച്ച് ചെയ്യുന്ന ഘട്ടത്തിൽ തന്നെ ഈ വിവരം ഗൂഗിൾ സേവ് ചെയ്യുകയും മറ്റൊരിക്കല്‍ സര്ച്ച് ചെയ്യുമ്പോൾ മുൻപ് സെർച്ച് ചെയ്തതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ആ വ്യക്തിയുടെ മുന്നിലേക്ക് എത്തുകയും ചെയ്യുന്നു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ഒരു വ്യക്തിയുടെ സ്വഭാവം രീതികൾ തുടങ്ങിയവയെല്ലാം സെർച്ച് റിസൾട്ടിലൂടെ ഗൂഗിൾ മനസ്സിലാക്കുന്നു. ഗൂഗിൾ ഉപയോഗിക്കുന്ന വ്യക്തിയുടെ സർച്ചിന്റെ അടിസ്ഥാനത്തിൽ അവരുടെ ഇഷ്ടാനിഷ്ടങ്ങളുമായി ബന്ധപ്പെട്ട സാധനങ്ങളെ കുറിച്ചുള്ള പരസ്യങ്ങൾ ഇതോടുകൂടി ഉപയോക്താവിന് മുന്നിലേക്ക് എത്തുകയാണ് ചെയ്യുന്നത്. താല്പര്യമുള്ള സാധനങ്ങൾ ആയതുകൊണ്ട് തന്നെ ഇത് ആ വ്യക്തി വാങ്ങാനും സാധ്യതയുണ്ട്. ഇങ്ങനെയാണ് ഗൂഗിളിന്റെ പരസ്യ വിപണനം നടക്കുന്നത്. പരസ്യം നൽകുന്ന കമ്പനി ഗൂഗിളിന് വലിയൊരു തുക വരുമാനം നൽകുകയും ചെയ്യുന്നു.
നിലവിൽ ഗൂഗിളിന്റെ ഏകദേശ മൂല്യം എന്ന് പറയുന്നത് ഒരു ട്രില്യൻ യുഎസ് ഡോളറാണ്. ലോകത്താകമാനം കോടിക്കണക്കിനാളുകൾ ഗൂഗിളിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് അവരുടെ വ്യവസാത്തിന്‍റെ കരുത്ത്.