ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിൽ സുരക്ഷിതനായി കഴിയുന്നു; ഇപ്പോൾ മറ്റൊരു വിവാഹം കൂടി കഴിച്ചു; നിർണായക വെളിപ്പെടുത്തൽ
കുപ്രസിദ്ധ അധോലോക നായകനും നിരവധി പേരുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയ 1993ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയിൽ സുരക്ഷിതമായി കഴിയുകയാണെന്ന് വെളിപ്പെടുത്തൽ. ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായ ദാവുദ് ഇബ്രാഹിമിന്റെ അനന്തരവൻ ആണ് ഈ വിവരങ്ങൾ നൽകിയത്.
നേരത്തെ മരണപ്പെട്ട ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലീഷാ ഇബ്രാഹിം പാർക്കറാണ് ദാവൂദ് ഇബ്രാഹിനെ കുറിച്ച് നിർണായ വിവരം അന്വേഷണ ഏജൻസിയുടെ മുന്പാകെ നൽകിയത്. ദാവൂദ് താമസിക്കുന്നത് കറാച്ചിയിലുള്ള അബ്ദുള്ള ഗാസി ബാബ ദർഗയുടെ സമീപത്തുള്ള പ്രതിരോധമേഖലയിലാണ്. ദാവൂദ് രണ്ടാമതും വിവാഹിതനയെന്ന് ഇദ്ദേഹം പറയുന്നു. രണ്ടാം ഭാര്യ പാകിസ്ഥാനിലെ പത്താന് വിഭാഗത്തിൽപ്പെട്ട സ്ത്രീയാണ്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തു എന്ന് പറയുന്നത് കളവാണ്. താൻ ദാവൂദിന്റെ ആദ്യ ഭാര്യയെ കഴിഞ്ഞ വർഷം ജൂലൈയിൽ ദുബായിൽ വച്ച് കണ്ടിരുന്നു. അവർ വിശേഷപ്പെട്ട ദിവസങ്ങളിൽ തന്റെ ഭാര്യയുമായി ബന്ധപ്പെടാറുണ്ട്. പരസ്പരം whatsapp കോളുകൾ ചെയ്യാറുണ്ട് എന്നും അലിഷ ഇബ്രാഹിം പറയുന്നു.
ആഗോള ഭീകരനും നിരവധി തീവ്രവാദ ശൃംഖലകളുടെ നേതാവുമായ ദാവൂദ് ഇബ്രാഹിമിനും സുഹൃത്ത് ചോട്ടാ ഷക്കീലിനും ഡി കമ്പനിയിലെ മറ്റ് മൂന്ന് പേർക്കുമെതിരെ കഴിഞ്ഞ വർഷമാണ് ഭീകരവിരുദ്ധ അന്വേഷണ ഏജൻസി മുംബയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഡി കമ്പനിയിലുള്ള മൂന്ന് അംഗങ്ങളെ 2022 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലുള്ള ഡി കമ്പനിയുടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായിച്ചവരാണ് ഇവര്. ഇവര്ക്ക് ദാവൂദ് ഇബ്രാഹിം ഹവാല വഴി വൻ തുക അയച്ചതായി എൻ ഐ എ കോടതിയിൽ പറഞ്ഞിരുന്നു. ഇന്ത്യയ്ക്കകത്ത് വിവിധ ഭാഗങ്ങളിൽ ഭീകരവാദം വളർത്തുന്നതിനു വേണ്ടിയാണ് ഭീമമായ തുക ദാവൂദ് ഹവാലാ മുഖേന അയച്ചത് എന്നാണ് നിഗമനം.