50 വർഷത്തിലധികമായി അണയാതെ കത്തുന്ന തീ; ഇത് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന മലനിര
ഇനിയും കണ്ടെത്താൻ കഴിയാത്ത എത്രയെത്ര അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി . മനുഷ്യന്‍റെ ചിന്തകള്‍ക്കും അപ്പുറമാണ് പ്രകൃതിയുടെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ. ഉത്തരം കിട്ടാത്ത എത്രയെത്ര പ്രതിഭാസങ്ങൾ ഈ പ്രപഞ്ചത്തിൽ ഓരോ നിമിഷവും സംഭവിച്ചു കൊണ്ടിരിക്കുന്നു. അത്തരത്തിൽ ഒന്നാണ് അസർബൈജാനിലെ യാനാർ ടാഗ് എന്നറിയപ്പെടുന്ന മലനിരകൾ. ജ്വലിക്കുന്ന കുന്ന് എന്നാണ് ഈ മലനിരകളുടെ വിളിപ്പേര്. പതിറ്റാണ്ടുകളായി നിന്ന് കത്തുകയാണ് ഈ മലനിര. ഒന്നിന്നും ഇതിനെ കെടുത്താന്‍ കഴിഞ്ഞിട്ടില്ല. 1950കൾക്ക് മുൻപ് തന്നെ ഈ കത്തൽ ആരംഭിച്ചു എന്ന് പറയപ്പെടുന്നു. എന്നാല്‍ കൃത്യമായി എന്നു മുതലാണ് ഇവിടെ ഈ പ്രതിഭാസം ഉണ്ടായത് എന്ന കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. കനത്ത മഞ്ഞു വീഴ്ചയും , മഴയും , തണുത്ത കാറ്റുമൊന്നും ഈ കത്തലിനെ അണയ്ക്കുന്നതിന് കഴിഞ്ഞിട്ടുമില്ല. ഈ കുന്നിൻറെ അടിഭാഗത്ത് 10 മീറ്റർ ചുറ്റളയിലാണ് തീ നിര്‍ത്താതെ കത്തിക്കൊണ്ടിരിക്കുന്നത്.
പ്രകൃതി വാതകത്തിന് പേരു കേട്ട രാജ്യമാണ് അസർബൈജാൻ. ഒരുപക്ഷേ വാതക ചോർച്ചയാകാം ഈ അഗ്നിബാധയ്ക്ക് പിന്നിലുള്ള കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. എന്നാൽ ഈ തീ എങ്ങനെ അണയ്ക്കാം എന്നതിനെ കുറിച്ച് ആർക്കും ഒരു ഊഹവുമില്ല. അസർബൈജാൻ നിരന്തരമായി അഗ്നിബാധ ഉണ്ടാകുന്ന നാടാണ്. അതുകൊണ്ടുതന്നെ അഗ്നിക്കാട് എന്നാണ് ഇവിടുത്തെ പല പ്രദേശങ്ങളും വിളിക്കപ്പെടുന്നത് തന്നെ.
ഭൂമിയുടെ അടിയിൽ നിന്നും ഉത്ഭവിക്കുന്ന ഈ തീ തികച്ചും പ്രകൃതി ദത്തമാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഈ പർവത നിരകളുടെ ഒരു വീഡിയോ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതോടെയാണ് വീണ്ടും അസർബൈജാൻ വാർത്തകളിൽ ഇടം പിടിച്ചത്.