വിദ്യാർത്ഥിയുടെ ഭാഗത്തു നിന്നും ഉണ്ടായ പെരുമാറ്റം മര്യാദയല്ല; പ്രതികരണം അറിയിച്ച് അപർണ ബാലമുരളി
എറണാകുളം ലോ കോളേജിൽ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് എത്തിയ നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയത് വലിയ വാർത്തയായി മാറിയിരുന്നു. നിരവധി പേരാണ് വിദ്യാർത്ഥിയുടെ ഈ പെരുമാറ്റത്തെ വിമർശിച്ച് രംഗത്ത് വന്നത്. സമൂഹ മാധ്യമത്തില്‍ വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നു വന്നത്. എന്നാല്‍ ഈ വിഷയത്തിൽ അപർണ ബാലമുരളി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മാധ്യമ വാർത്തകൾ കൂടുതൽ സജീവമായതോടെ വിഷയത്തിൽ നടി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ ദേഹത്ത് കൈവെക്കുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. ഒരു നിയമ വിദ്യാര്‍ത്ഥി കൂടിയായ കോളേജ് വിദ്യാർഥി ഇത് മനസ്സിലാക്കിയില്ല എന്ന് പറയുന്നത് ഗുരുതരമാണ്. ആ സംഭവം വളരെയധികം വേദനിപ്പിച്ചുവെന്ന് നടി പറയുന്നു. വിനീത് ശ്രീനിവാസനും ബാലമുരളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തങ്കം എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ലോ കോളേജിൽ എത്തിയപ്പോഴാണ് വിദ്യാർഥിയുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായത്. വിദ്യാർത്ഥി വേദിയിൽ കയറി കയ്യിൽ പിടിച്ചു എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ട് സെൽഫി എടുക്കാൻ ശ്രമിക്കുകയും ചെയ്തു.
തന്റെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചത് ഖേദകരമാണ്. ദേഹത്ത് പിടിച്ച് സെൽഫി എടുക്കാൻ ശ്രമിച്ചത് ശരിയായ നടപടിയല്ലന്നു നടി പറയുന്നു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് താൻ പോലീസിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ല എന്നും ഇതിന്റെ പുറകെ പോകാൻ സമയമില്ലാത്തത് കൊണ്ടാണ് അതിന് ശ്രമിക്കാത്തതെന്നും അപര്‍ണ്ണ പറയുന്നു.
അതേസമയം കോളേജിൽ ഉണ്ടായ സംഭവം ഏറെ ഖേദകരമായ ഒന്നാണെന്നും അപർണയ്ക്ക് ഉണ്ടായ പ്രയാസത്തിൽ യൂണിയൻ ഖേദം പ്രകടിപ്പിക്കുന്നതായും കോളേജ് യൂണിയൻ സമൂഹ മാധ്യമത്തിൽ പങ്ക് വച്ച കുറിപ്പിലൂടെ അറിയിച്ചിരുന്നു.