അലി സാഹിബ് നാട്ടുകാരുടെ പേരിൽ എഴുതി വച്ച കിണറ്റിൽ 90 മോട്ടോറുകൾ; ഇത് ഒരു നാടിൻറെ തന്നെ ദാഹമകറ്റിയ കിണർ
ഒരു നാടിൻറെ തന്നെ ദാഹം തീര്‍ത്തു അത്ഭുത കിണറായി മാറിയിരിക്കുകയാണ് ഈരാറ്റുപേട്ട മാങ്കുഴക്കലെ ഒരു കിണർ. വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട അലി സാഹിബിന്റെ കിണറാണ് കാലങ്ങളായി നാട്ടുകാരുടെ ദാഹം ശമിപ്പിക്കുന്നത്. അലി സാഹിബിന്റെ കിണർ എന്നാണ് നാട്ടുകാർ ഇതിന് പേരിട്ടിരിക്കുന്നത്. ഈ കിണറില്‍ 90 മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്കു മുമ്പ് ഇതിൻറെ സംരക്ഷണ ഭിത്തിക്ക് തകരാർ സംഭവിച്ചിരുന്നു എങ്കിലും പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ 80,000 രൂപ മുടക്കി വാർഡ് കൗൺസിലര്‍ ഫാസില അബ്സർ ഇതിന്റെ ഭിത്തി വീണ്ടും നവീകരിച്ചു. പുതിയതായി കെട്ടിയ ഭിത്തിയിൽ മോട്ടോറുകൾ വയ്ക്കുന്നതിന് വേണ്ടി പ്രത്യേക സ്ഥലവും ഉണ്ടാക്കിയെടുത്തു. 500 മീറ്റര്‍ ചുറ്റളവിലുള്ള നൂറിലധികം കുടുംബങ്ങൾക്കാണ് ഈ കണറ്റിൽ നിന്നും വെള്ളം ലഭിക്കുന്നത്. ഈ കിണറില്ലായിരുന്നെങ്കിൽ കുടിവെള്ളത്തിനു വേണ്ടി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥിതി വരുമായിരുന്നു.
അലി സാഹിബ് ഈ കിണർ കുഴിച്ചത് പതിറ്റാണ്ടുകൾക്ക് മുൻപാണ്. ഇത് പിന്നീട് പ്രദേശ വാസികള്‍ക്ക് സഹായകരമായി മാറുകയായിരുന്നു. കിണർ ഉൾപ്പെടെയുള്ള സ്വത്ത് വകകൾ അലി സാഹിബ് മക്കൾക്ക് വീതം വച്ച് നൽകിയെങ്കിലും കിണര്‍ ഇരിക്കുന്ന ഭാഗം മാത്രം നാട്ടുകാർക്ക് വേണ്ടി മാറ്റി വയ്ക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവും പകലും വ്യത്യാസമില്ലാതെ ഈ കിണറ്റിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോർ ഉപയോഗിച്ച് വെള്ളം വീട്ടിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്രയധികം മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ട് എങ്കിൽ പോലും കിണർ പറ്റാറില്ല എന്ന് നാട്ടുകാർ പറയുന്നു. വെള്ളം കുറച്ച് കുറഞ്ഞാൽ പോലും അടുത്ത അരമണിക്കൂറില്‍ വീണ്ടും പൂർവ്വസ്ഥിതിയിലാകും. ഇപ്പോൾ ഓരോരുത്തര്‍ക്കും മോട്ടോറുകൾ പമ്പ് ചെയ്യുന്നതിന് പ്രത്യേക സമയവും നൽകിയിട്ടുണ്ട്.