ഇങ്ങനെ സ്വയം വിഡ്ഢി ആകരുത്; ദിലീപിനെ പിന്തുണച്ച സംവിധായകൻ അടൂരിനെ രൂക്ഷമായി വിമർശിച്ച് അതിജീവിതയുടെ സഹോദരൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണ് എന്നാണ് തന്റെ വിശ്വാസമെന്ന് പറഞ്ഞ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ രൂക്ഷമായി വിമർശിച്ച് അതിജീവിതയുടെ സഹോദരൻ. സമൂഹ മാധ്യമമത്തിലൂടെയാണ് അദ്ദേഹം അടൂരിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
അടൂരിന്റെ പ്രതികരണം കണ്ടപ്പോൾ ആദ്യം പ്രതികരിക്കേണ്ട എന്ന തീരുമാനിച്ചതായിരുന്നു, ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടിയുണ്ടെന്ന് സഹതാപത്തോടെ നോക്കിക്കാണുകയായിരുന്നു. ഇപ്പോൾ ഇതിനെതിരെ പ്രതികരിക്കുന്നതിന്റെ കാരണം അടൂരിനെ പോലുള്ളവർ കുപ്രചരണം നടത്തുമ്പോൾ പ്രതികരിക്കാതിരിക്കുന്നതിന്റെ കാരണം തങ്ങളുടെ കൈയിൽ എന്തെങ്കിലും തെറ്റ് ഉള്ളതുകൊണ്ടാണോ എന്നോ, അടൂരിനെ പോലെ ഉള്ളവരെ ഭയപ്പെടുന്നതുകൊണ്ടാണോ എന്നോ ഉള്ള ചോദ്യം ഉണ്ടായേക്കാമെന്നതുകൊണ്ടാണെന്ന് അദ്ദേഹം കുറിച്ചു.
കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിൽ ഇത്ര ആധികാരികമായി അടൂർ വിധി പറയണമെങ്കിൽ, ഒന്നുകില്‍ അടൂരിന് പ്രശസ്ത നടനോടുള്ള അന്ധമായ ആരാധനയാണ്. അല്ലങ്കില്‍ കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെ കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടാകാം. ഓരോ വ്യക്തിക്കും ആരെ സ്വീകരിക്കണമെന്നോ ആരെ തള്ളിക്കളയണമെന്നോ തീരുമാനിക്കാനുള്ള അവകാശമുണ്ട്. അടൂരിനെ പോലുള്ളവരുടെ അഭിപ്രായത്തിന് മലയാളികൾ അത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു തെറ്റായ പ്രതികരണം നടത്തുന്നതിലൂടെ അടൂർ ഇതുവരെ കാത്തു സൂക്ഷിച്ചു വെച്ച പേരിലും പ്രശസ്തിക്കും മങ്ങൽ ഏൽപ്പിച്ചേക്കാം. അടൂര്‍ അങ്ങനെ ഒരു കളങ്കം കേൾക്കുന്നത് കാണാൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ താൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞു പോയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാൽ അടൂരിന് ഈ പറയുന്നതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ കഴിയും. ആ കേസിന്റെ നാള്‍വഴികള്‍ പിന്തുടർന്നാൽ അടൂർ പറയുന്നതിന്റെ പൊരുത്തക്കേടുകൾ ബോധ്യമാകാവുന്നതേയുള്ളൂ. ഇത്തരത്തിലുള്ള പ്രതികരണങ്ങളിലൂടെ സ്വയം ഒരു വിഡ്ഢി ആവാതിരിക്കാൻ അടൂര്‍ ശ്രമിക്കണമെന്നും അതിജീവിതയുടെ സഹോദരൻ കുറിച്ചു.