വിധവയായതിന്റെ പേരിൽ സമൂഹം തഴഞ്ഞു; അമ്മയുടെ ഒറ്റപ്പെടൽ മാറാൻ പുനർവിവാഹം നടത്തി മകൻ
പിതാവിൻറെ മരണ ശേഷം തനിച്ചായ അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാൻ മകൻ മുൻകൈ എടുത്തു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂരിലാണ് ഈ സംഭവം നടന്നത്. സമൂഹത്തിൽ തന്റെ അമ്മ നേരിടുന്ന അവഗണനയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ് യുവരാജ് ഷീലേ എന്ന 23 കാരൻ 45 കാരിയായ അമ്മ രത്നയെ പുനർ വിവാഹം കഴിപ്പിച്ചത്. നാട്ടുകാരുടെയും ചില ബന്ധുക്കളെയും കടുത്ത എതിര്‍പ്പിനെ വക വയ്ക്കാതെയാണ് മകന്‍ അമ്മയുടെ വിവാഹം നടത്തിയത്.
അച്ഛൻറെ മരണ ശേഷം സമൂഹവും നാട്ടുകാരും ചേര്‍ന്ന് അമ്മയെ മാറ്റി നിർത്തുന്നത് യുവരാജിന് വല്ലാത്ത വിഷമം ഉണ്ടാക്കി. ഇതോടെയാണ് അമ്മയുടെ കൂട്ടിന് ഒരാള്‍ വേണമെന്ന ചിന്ത മകൻറെ മനസ്സിൽ ഉടലെടുത്തത്. തുടര്‍ന്നു യുവരാജ് തന്നെ അതിനായി മുന്നിട്ടിറങ്ങുക ആയിരുന്നു. യുവരാജിന് 18 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. യുവരാജിനെക്കാൾ ആ വേദന ഏറ്റവും കൂടുതൽ അനുഭവിച്ചത് അമ്മയായിരുന്നു. അവര്‍ എല്ലാ അര്‍ത്ഥത്തിലും തനിച്ചായി. മാത്രമല്ല സമൂഹത്തിൽ നിന്നുള്ള കടുത്ത വിവേചനവും അവരെ വിഷമിപ്പിച്ചു. വിധവ ആയതിന്‍റെ പേരില്‍ പല ചടങ്ങുകളില്‍ നിന്നും അവരെ മാറ്റി നിര്‍ത്തി. അവര്‍ ആകെ ഒറ്റപ്പെട്ട സ്ഥിതിയായി. ഇതോടെയാണ് അമ്മയെ രണ്ടാമത് വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ച് യുവരാജ് ചിന്തിക്കുന്നത്.
കടുത്ത പാരമ്പര്യ വാദികളായ കോൽഹാപ്പൂരിൽ അമ്മയെ കൊണ്ട് രണ്ടാമത് ഒരു വിവാഹം കഴിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല. ഒടുവില്‍ ചില സുഹൃത്തുക്കളും ബന്ധുക്കളുമാണ് അതിന് അവരെ സഹായിച്ചത്. ആദ്യമൊക്കെ ഒരു രണ്ടാം വിവാഹത്തോട് യുവരാജിന്റെ അമ്മയ്ക്ക് കടുത്ത എതിർപ്പ് ആയിരുന്നു. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന് അവർ വഴങ്ങുക ആയിരുന്നു.