ഒരു രോഗിയിൽ നിന്നും കൺസൾട്ടേഷൻ ഫീസായി വാങ്ങുന്നത് 20 രൂപ; പ്രതിദിനം ഇരുന്നൂറിലധികം രോഗികൾ; പത്മശ്രീയുടെ തിളക്കത്തിൽ ഡോക്ടർ മുനീശ്വർ ചന്ദർ ഡാവർ
ഇത്തവണത്തെ പത്മശ്രീ പുരസ്കാരം നേടിയവരിൽ ഡോക്ടർ മുനീശ്വർ ചന്ദർ ഡാവറും ഉണ്ട്. മറ്റ് ഡോക്ടര്‍മരില്‍ നിന്നും അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട്. വെറും 20 രൂപ മാത്രമാണ് അദ്ദേഹം ഒരു രോഗിയില്‍ നിന്നും വാങ്ങുന്നത്. രോഗികളില്‍ നിന്നും തുശ്ചമായ തുക മാത്രം ഈടാക്കി ചികിത്സ നൽകുന്ന മനുഷ്യ സ്നേഹിയാണ് ഡോക്ടർ മുനീശ്വർ ചന്ദർ ഡാവർ. മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം പ്രതിദിനം 200ൽ അധികം രോഗികളെയാണ് കാണാറുള്ളത്. ഇപ്പോൾ 70 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം.
1946 ജനുവരി 16ന് പാകിസ്ഥാനിലെ പഞ്ചാബിലാണ് മുനീശ്വർ ചന്ദർ ഡാവർ ജനിച്ചത്. വിഭജനത്തിന് ശേഷം അദ്ദേഹവും കുടുംബവും പിന്നീട് ഇന്ത്യയിലേക്ക് കുടിയേറി പാര്‍ക്കുക ആയിരുന്നു.
ജബൽപൂരിലെ മെഡിക്കൽ കോളേജില്‍ നിന്നും 1967ലാണ് അദ്ദേഹം എം ബി ബി എസ് പഠനം പൂർത്തിയാക്കിയത്. 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധ കാലത്ത് ഒരു വർഷത്തോളം അദ്ദേഹം ഇന്ത്യൻ ആർമിക്ക് വേണ്ടി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശേഷം 1972 മുതൽ അദ്ദേഹം ജബൽ പൂരിലാണ് പ്രാക്ടീസ് ചെയ്തു വരുന്നത്. തുടക്ക കാലത്ത് രണ്ട് രൂപ മാത്രമായിരുന്നു അദ്ദേഹം രോഗികളിൽ നിന്നും കണ്‍സള്‍ട്ടേഷന്‍ ഫീസ് ആയി വാങ്ങിയിരുന്നത്. ജനസേവനം മാത്രമാണ് തൻറെ ലക്ഷ്യമെന്നും അതുകൊണ്ടാണ് കൺസൾട്ടേഷൻ ഫീസ് വർദ്ധിപ്പിക്കാത്തത് എന്നുമാണ് അദ്ദേഹം പറയുന്നത്. വൈകി ആണെങ്കിലും തന്‍റെ സേവനത്തിനുള്ള അംഗീകാരം ലഭിച്ചു എന്നാണ് പത്മശ്രീ പുരസ്കാരം കിട്ടിയതിനെ കുറിച്ച് ചോദിച്ചപ്പോൾ മുനീശ്വറിന്റെ നല്കിയ മറുപടി .