ചിക്കൻ വാങ്ങിയിട്ട് പണം നൽകിയില്ല; പണം നല്‍കാത്തവരുടെ പേരുകള്‍ കടയുടെ മുന്‍പില്‍ പ്രസ്സിദ്ധപ്പെടുത്തും; ബോർഡ് വച്ച് ഉടമയുടെ പ്രതിഷേധം
ചിക്കൻ കടമായി വാങ്ങിയവർ പണം നൽകാത്തതിനെ തുടർന്ന് സാമ്പത്തിക നഷ്ടമുണ്ടായ വ്യാപാരി തന്റെ കടയുടെ മുന്നിൽ വളരെ വ്യത്യസ്തമായ ഒരു ബോർഡ് സ്ഥാപിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം. നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടനെ തന്നെ നൽകേണ്ടതാണ്, അല്ലാത്തപക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’. ഇങ്ങനെയാണ് ബോർഡിൽ എഴുതിയിട്ടുള്ളത്. കാസർഗോഡ് ആദൂർ സി എ നഗർ ചിക്കൻ കടയുടെ ഉടമയായ ഹാരിസാണ് കടമായി വാങ്ങിയ ചിക്കന്റെ പണം നൽകാത്തവരോട് ഉള്ള പ്രതിഷേധം പരസ്യപ്പെടുത്തിയത്. ഒരു വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ചിക്കൻ കട തുടങ്ങിയത്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് അദ്ദേഹം കട അടച്ചു പൂട്ടുകയായിരുന്നു.
20 വർഷത്തോളമായി ദുബായിൽ ജോലി ചെയ്ത് വന്നിരുന്ന ഹാരിസിനു കോവിഡ് പടർന്നു പിടിച്ചതോടെ ജോലി നഷ്ടമായി. ഇതോടെ നാട്ടിലെത്തിയ ഇദ്ദേഹം ഒരു ഉപജീവനമാകുമെന്ന് നിലയിലാണ് കോഴിക്കട തുടങ്ങിയത്. കടയിൽ നിന്നും കോഴി വാങ്ങിയ പലരും പണം നൽകാതെ വന്നതോടെയാണ് ഹാരിസ് പ്രതിസന്ധിയിലായി. അറുത്ത് വാങ്ങിയതിനു ശേഷം പണം പിന്നെ നൽകാമെന്ന് പറഞ്ഞു പോകുന്നവർ പിന്നീട് പണം തരാറില്ലന്നു ഇദ്ദേഹം പറയുന്നു. വീട്ടിൽ കൊണ്ടുപോയി കൊടുത്ത വകയിലും ധാരാളം പണം ലഭിക്കാനുണ്ട്. പലരിൽ നിന്നുമായി 55,000 രൂപയോളം കിട്ടാനുണ്ടെന്നും ഇതിന്റെ മുഴുവൻ കണക്കും തന്റെ കൈവശം ഉണ്ടെന്നും ഹാരിസ് പറയുന്നു.
വിശ്വാസത്തിൻറെ പുറത്താണ് പലർക്കും കടം കൊടുത്തത്. അവർ ചൂഷണം ചെയ്യുകയായിരുന്നു. കിട്ടാനുള്ള പണം ലഭിക്കാതെ വന്നതോടെ കട അടച്ചു പൂട്ടുകയാണ് അല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഈ ബോർഡ് ശ്രദ്ധയിൽപ്പെട്ടതോടെ പലരും പണം തരാനുണ്ടോ എന്ന് ചോദിച്ചു വിളിച്ചു എങ്കിലും അവരാരും പണം നൽകാൻ ഉള്ളവരായിരുന്നില്ല. എന്നാല്‍ പണം നൽകാനുള്ളവർ ആരും വിളിച്ചിട്ടില്ലന്ന് ഹാരിസ് പറയുന്നു.