ഈ നിറത്തിലുള്ള മിഠായികള്‍ ഒരിയ്ക്കലും വാങ്ങിക്കഴിക്കരുത്; സ്കൂൾ പരിസരത്തെ കടകളിൽ നിന്നും മിഠായി വാങ്ങുമ്പോൾ ശ്രദ്ധിക്കുക; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്
സ്കൂളുകളുടെ പരിസരത്തുള്ള കടകളിൽ നിന്നും മിഠായിയും മറ്റും വാങ്ങി കഴിക്കുന്നത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നതായി കണ്ടെത്തൽ. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചു. സ്കൂളുകളുടെ പരിസരത്തുള്ള കടകളിൽ തീരെ ഗുണനിലവാരം കുറഞ്ഞ മിഠായികൾ വിൽക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മിഠായികൾ ഗുണനിലവാരം ഇല്ലാത്തതാണ് എന്ന് കണ്ടെത്തിയത്. സ്കൂൾ പരിസരത്തുള്ള പരിശോധന ഭക്ഷ്യ സുരക്ഷാ വിഭാഗം കർശനമാക്കിയിരിക്കുകയാണ് ഇപ്പോൾ.
കുട്ടികൾ മിഠായികൾ വാങ്ങുമ്പോൾ അതിൽ കൃത്യമായ ലേബൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് കമ്മീഷണർ അറിയിച്ചു. ഇത്തരത്തിൽ വിൽപ്പന നടത്തുന്ന മിക്ക മിഠായികളിലും നിരോധിക്കപ്പെട്ടതും ശരീരത്തിനു ഹാനികരവുമായ കൃത്രിമ നിറങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഗുരുതരമായ ഭക്ഷ്യ വിഷബാധയിലേക്ക് നയിക്കാൻ പോലും ഇത് ഇടവരുത്തും.
മിഠായികളുടെ കവറുകളിൽ ഉള്ള ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്സ്പയറി ഡേറ്റ് എന്നിവ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. കമ്മീഷണര്‍ എടുത്തു പറയുന്ന മറ്റൊരു കാര്യം റോസ് , പിങ്ക് നിറങ്ങളിലുള്ള പഞ്ഞി മിഠായികൾ ഒരു കാരണവശാലും വാങ്ങി കഴിക്കരുത് എന്നതാണ്. നിരോധിത ഫുഡ് കളർ ചേർത്ത് ഉണ്ടാക്കുന്നവയാണ് ഇവ. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്കി. പാലക്കാട് കിഴക്കഞ്ചേരി മൂലംകോട് സ്കൂളിൽ മിഠായി കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി വകുപ്പ് തല അന്വേഷണം വ്യാപകമാക്കിയത്.