സഹപ്രവർത്തകന്റെ ഉച്ചഭക്ഷണം മോഷ്ടിച്ച നായക്കെതിരെ അന്വേഷണം; ചിത്രം സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചു
ഭക്ഷണം മോഷ്ടിച്ചാൽ അത് നായ ആണെങ്കില്‍ പോലും അമേരിക്കയില്‍ രക്ഷയില്ല. ഓഫീസ്സര്‍ ഐസ് എന്ന പേരുള്ള ഒരു പോലീസ് നായയെ ജനുവരി 12ന് സഹപ്രവർത്തകന്റെ ഉച്ചഭക്ഷണം മോഷ്ടിച്ചതിനെ തുടർന്ന് പോലീസ് ഡിപ്പാർട്ട്മെൻറ് അന്വേഷണ വിധേയമാക്കി വിചാരണ നടത്തി. ക്രിമിനൽ കുറ്റം ആരോപിക്കപ്പെടുന്ന നായയുടെ ചിത്രം പോലീസ് ഡിപ്പാർട്ട്മെൻറ് തന്നെയാണ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. സംഭവം ഒരു തമാശ ആണെന്ന് തോന്നുമെങ്കിലും സത്യമാണ്. ഉയര്‍ന്ന റാങ്കില്‍ ഉള്ള നായ ആയതുകൊണ്ട് തന്നെ നായയുടെ സ്വഭാവ ദൂഷ്യമായാണ് ഇതിനെ അവര്‍ കാണുന്നത്.
ഏതാനം ദിവസം മുൻപ് മിഷഗനിലെ വയാണ് ഡോട്ട് സ്റ്റേഷനില്‍ വച്ചാണ് സംഭവം നടന്നത്. ഓഫീസർ ബാര്വിഗ് ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ ജയിലിലേക്ക് പോയിരുന്നു. പകുതി ഭക്ഷണം മേശപ്പുറത്ത് വച്ചാണ് അദ്ദേഹം പോയത്. ശേഷം അദ്ദേഹവും മറ്റൊരു പോലീസ് ഓഫീസറും കൂടി തിരികെ എത്തി. അപ്പോള്‍ ആരോപണ വിധേയയനായ നായ ഒരു എല്ലിൻ കഷ്ണവും കടിച്ചുകൊണ്ട് പുറത്തേക്ക് പോകുന്നതു കണ്ടു. ബാര്വിഗിന്റെ മുഴുവൻ ഭക്ഷണവും നായ കഴിച്ചു തീർത്തിരുന്നു. നിരവധി തവണ ഇത്തരത്തിൽ ഐസ് ഭക്ഷണം മോഷ്ടിച്ചതായി ഉദ്യോഗസ്ഥർ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ നായയെ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. വളരെ ബാലിശമായ ഒരു ആരോപണവും പോസ്റ്റും ആയിപ്പോയി ഇതെന്ന് ചിലർ പറഞ്ഞപ്പോൾ ഇത്തരം തെറ്റുകള്‍ ആവർത്തിക്കാൻ പാടുള്ളതല്ല എന്ന് മറ്റു ചിലരും ആരോപിച്ചു.