ഒരിക്കൽ കടയുടെ മുന്നിൽ ഒരു വൃദ്ധൻ വന്നു; പിന്നീട് അത് ബോണ്ടക്കട എന്ന പേരിൽ പ്രശസ്തമായി; ആ കഥ ഇങ്ങനെ
ഇരവി നെല്ലൂർ പോസ്റ്റ് ഓഫീസിന് സമീപത്തുള്ള കൃഷ്ണൻകുട്ടിയുടെ ലഘു ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ടിൽ അധികം ആകുന്നു. പുതുച്ചേരി മേച്ചേരി കാലായിൽ കൃഷ്ണൻകുട്ടിയുടെ കട നാടൻ കടികൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. ഇവിടെ ലഭ്യമല്ലാത്ത കടികൾ ഒന്നുമില്ല എന്ന് തന്നെ പറയാം. പരിപ്പുവട, ഉഴുന്നുവട, നെയ്യപ്പം എന്നിങ്ങനെ എല്ലാം ഉണ്ടെങ്കിലും മാവിൽ ശർക്കരയും കടലയും പഴവും ചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കുന്ന ബോണ്ടയുടെ രുചി അറിയാൻ അന്ന്യ ജില്ലയിൽ നിന്ന് വരെ ആളുകൾ എത്താറുണ്ട്.
രാവിലെ ഏഴുമണിക്ക് തന്നെ കൃഷ്ണൻകുട്ടിയും ഭാര്യ സുശീലയും കടികൾ തയ്യാറാക്കാനായി എത്തും. അപ്പോള് തുടങ്ങുന്ന തിരക്ക് രാത്രി 8:30 വരെ നീളും. പാഴ്സൽ വാങ്ങുന്നതിനും ചായയുടെ ഒപ്പം ലഘുഭക്ഷണം കഴിക്കുന്നതിനും ആളുകളുടെ നീണ്ട നിര തന്നെ ഈ ചെറിയ കടയുടെ മുമ്പിൽ കാണാം. നാലുമണി സമയത്ത് കടയുടെ മുന്നിൽ ഒരു നീണ്ട ക്യൂ തന്നെ ഉണ്ടാകും. ഒരു ദിവസം പോലും വിശ്രമം ഉണ്ടാകാറില്ല.
ഇപ്പോൾ 18 വർഷത്തോളമായി കൃഷ്ണൻകുട്ടി ഈ കട തുടരുന്നു. കൃഷ്ണൻകുട്ടി യാദൃശ്ചികം ആയിട്ടാണ് ഈ കട തുടങ്ങുന്നത്. ഇരവിനല്ലൂരില് ഒരു കട വാടകയ്ക്ക് എടുത്ത് ദോശയും ചെറിയ കടികളും ഒക്കെയായിട്ടാണ് തുടങ്ങുന്നത്. ഒരു ദിവസം കടയുടെ മുന്നിൽ ഒരു വൃദ്ധന് വന്നു. പേര് ശശി. സംസാരിച്ചപ്പോൾ അദ്ദേഹം നന്നായി പലഹാരം ഉണ്ടാക്കുമെന്ന് അറിയാൻ കഴിഞ്ഞു. അന്നു മുതൽ ആ കടയിൽ പലഹാരങ്ങൾ കൊണ്ട് നിറഞ്ഞു. പിന്നീട് കടയ്ക്ക് ബോണ്ട കട എന്ന പേരിട്ടു. കൃഷ്ണൻകുട്ടിയുടെ കടയിൽ സാധാരണക്കാർ മുതൽ വലിയ ഉദ്യോഗസ്ഥർ വരെ പതിവായി എത്തുന്നു. കടി ഏത് എടുത്താലും ഒന്നിന് 12 രൂപയാണ്. ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തതുകൊണ്ടാണ് ആളുകൾ ഇത് ഇഷ്ടപ്പെടുന്നത് എന്ന് കൃഷ്ണൻകുട്ടി പറയുന്നു.