വിരഹ നോവിന് നികുതി ഏർപ്പെടുത്തിയാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായി കേരളം മാറിയേക്കാം; വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണെന്ന അസൂയ കലർന്ന ചിന്തയിൽ നിന്നാണ് പണിഷ്മെൻറ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് അലയുടെ കുറുപ്പ് വൈറൽ
കഴിഞ്ഞ ദിവസമാണ് ധനമന്ത്രി കെഎം ബാലഗോപാൽ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ചത്. വില വർദ്ധനവിന്റെ ബഡ്ജറ്റ് ആയതുകൊണ്ട് തന്നെ കടുത്ത വിമർശനമാണ് ബഡ്ജറ്റിന് നേരിടേണ്ടി വന്നത്. വിവിധയിനങ്ങളിൽ ടാക്സ് വർദ്ധിപ്പിച്ച ബഡ്ജറ്റിൽ പൂട്ടിക്കിടക്കുന്ന വീടുകൾക്കും ടാക്സ് നൽകണം എന്ന പ്രഖ്യാപനം വലിയ ചർച്ചയായി മാറി. ഈ വിഷയത്തിൽ സജീവ് അല സമൂഹ മാധ്യമത്തിൽ പങ്കെടുത്ത ഒരു കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചു.
വീടുകൾ അടച്ചിടുന്നത് എന്തോ വലിയ ക്രൈമും അപരാധവും ആണെന്നാണ് നമ്മുടെ നാട്ടിൽ പൊതുവേ വിലയിരുത്തപ്പെടുന്നത് എന്ന് സജീവ് പറയുന്നു. അടഞ്ഞു കിടക്കുന്ന വീടുകൾ മുഴുവൻ പ്രവാസികളുടേതാണ്. 50 ലക്ഷത്തോളം മലയാളികൾ മെച്ചപ്പെട്ട ജീവിതം തേടി അന്യരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ ഭൂരിപക്ഷവും ജോലി ചെയ്യുന്നത് ഗൾഫിലാണ്. പാശ്ചാത്യ രാജ്യങ്ങളിലും അമേരിക്കയിലും ജോലി ചെയ്യുന്നവരുടെ എണ്ണം പ്രവാസികളുടെ മുഴുവൻ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ കുറവാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഉയർന്ന ജോലി വിദേശത്തുള്ളവർക്ക് മാത്രമേ അവരുടെ കുടുംബത്തെ ഒപ്പം കൂട്ടാൻ കഴിയുകയുള്ളൂ. അങ്ങനെയുള്ളവർ ഭാഗ്യം ചെയ്തവരാണെന്നും ഭൂമിയിലെ സ്വർഗ്ഗം അവർക്കുള്ളതാണെന്നും സജീവ് അഭിപ്രായപ്പെട്ടു.
എന്നാൽ ഭൂരിപക്ഷം പ്രവാസികൾക്കും അവരുടെ പങ്കാളികൾക്കും ജീവിതം പ്രണയ സുരഭിലവും യൗവന തീക്ഷണവുമായിരിക്കുന്ന കാലത്ത് ലൈംഗികതയുടെ സൗരഭ്യവും സംഗീതവും നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഓമനകളുടെ പിച്ച നടത്തം കണ്ടു കണ്ണ് നിറയാനുള്ള ഭാഗ്യം പോലും ലഭിക്കാത്തവരാണ് നമ്മുടെ നാട്ടിലെ പത്തേമാരി അച്ഛന്മാർ എല്ലാവരും. സ്വന്തമായി 10 സെൻറ് ഭൂമിയും അതിലൊരു വീടും എന്ന സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി ജീവിതത്തിൻറെ വസന്തം മുഴുവനും മണലാരണ്യത്തിലും ലേബർ ക്യാമ്പുകളിൽ ഹോമിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഉണ്ട്. അവർക്ക് തീഷ്ണവികാരങ്ങളും ശരീരകാമനകളും ഉണ്ട്. നാട്ടിലെ വീടുകളിൽ ഇതേ വിചാരവികാരങ്ങളെ അടിച്ചമർത്തി അവരുടെ പങ്കാളികൾ ഉണ്ട്. പൂട്ടിക്കിടക്കാത്ത വീടുകളിൽ ഇണയുടെ സാന്നിധ്യവും സ്പർശനം ലഭിക്കാൻ ആവാതെ പുകയുന്ന ആത്മാക്കളുടെ സംഘർഷവും സങ്കടവും ഒറ്റപ്പെടലും നമ്മുടെ സമൂഹം തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന് സജീവ് ചൂണ്ടിക്കാട്ടുന്നു.
പലരും ജനിച്ചു വളർന്ന നാട്ടിൽ നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ കഴിയാതെയാണ് പ്രാഥമിക തൊഴിൽ അവകാശങ്ങൾ പോലും ഇല്ലാത്ത അറേബ്യൻ രാജികളിൽ ജോലി ചെയ്യുന്നത്. കുടുംബത്തെ ഒപ്പം കൂട്ടുന്നവരും നാട്ടിൽ വീട് പണിയുന്നുണ്ട്. ജീവിതത്തിന്റെ സായാഹ്നത്തിൽ സ്വന്തം നാട്ടിലേക്ക് തിരികെ വന്ന് ഇവിടെ കിടന്നു മരിക്കണം എന്ന് ആഗ്രഹം മൂലമാണ് അങ്ങനെ ചെയ്യുന്നത്. അവരെ കുറ്റം പറയാൻ ആർക്കും അവകാശമില്ല. ഒരു വീട് പൂട്ടിക്കിടക്കുന്നു എന്ന് കാണുമ്പോൾ അവിടെ താമസിച്ചിരുന്ന കുടുംബം വിദേശത്ത് എവിടെയോ സന്തോഷത്തോടുകൂടി ഒരുമിച്ചു കഴിയുന്നു എന്ന് കരുതി സമാധാനിക്കുകയാണ് വണ്ടത്. വീട് അടച്ച് വിദേശത്ത് കുടുംബസമേതം കഴിയുന്നത് വലിയ അപരാധമാണെന്ന അസൂയ കലർന്ന ചിന്തയിൽ നിന്നാണ് പണിഷ്മെൻറ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്.
തുറന്നു കിടക്കുന്ന വീടിൻറെ അകത്തളങ്ങളിൽ യൗവനം ലോക്ക് ചെയ്യപ്പെട്ട് കഴിയുന്ന ജന്മങ്ങളുടെ തീരാ വേദന ചർച്ച ചെയ്യണം. വിരഹ നോവിന് നികുതി ഏർപ്പെടുത്തിയാൽ ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായി കേരളം മാറിയേക്കാം എന്നും സജീവ് തൻറെ കുറുപ്പിൽ ചൂണ്ടിക്കാട്ടുന്നു.