ചാറ്റ് ജി പി ടിക്ക് മറുപടിയുമായി സുന്ദർ പിച്ചൈ; ടെക് ലോകത്തെ വിഴുങ്ങാൻ ഒരു ഇന്ത്യൻ കയ്യൊപ്പ്; ഇത്തവണ മത്സരം കടുക്കും
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ് ജി പി ടി പുത്തൻ തരംഗമാണ് ടെക് ലോകത്ത് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ വരവോടെ ഗൂഗിളിനും അലക്സയ്ക്കും കടുത്ത ഭീഷണി ഉയരും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിനെ കവച്ചു വയ്ക്കുവാൻ പുത്തൻ നീക്കവുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ അമരക്കാരൻ സുന്ദർ പിച്ചൈ. ഇതിൻറെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടുകൂടി ചാറ്റ് ബോട്ട് എന്ന പുത്തൻ മോഡൽ ഉടൻ അവതരിപ്പിക്കും എന്നാണ് അദ്ദേഹം അറിയിച്ചത്. നേരത്തെ തന്നെ ഇതിൻറെ സൂചനകൾ ടെക്ക് ലോകത്ത് ചർച്ചാവിഷയം ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് സുന്ദർ പിച്ചൈ ഇതുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയത്. ഗൂഗിളിന്റെ സെർച്ച് എഞ്ചിനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമിംഗ് ഒരുക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ചാറ്റ് ജി പി ടി മൊബൈൽ ആപ്പ് പുറത്തിറക്കും എന്ന വാർത്ത വന്നു അധികം
വൈകാതെയാണ് ഗൂഗിളിന്റെ സിഇഒ ഇത്തരമൊരു നീക്കവുമായി രംഗത്തു വന്നത്. നിലവിലത്തെ സാഹചര്യത്തിൽ കമ്പ്യൂട്ടറുകളിലും സ്മാർട്ട്ഫോണുകളും ചാറ്റ് ജിപിടീയുടെ സേവനം ലഭിക്കുന്നുണ്ട്. എന്നാൽ പുതിയ അപ്ഡേറ്റിൽ കൂടുതൽ സേവനങ്ങൾ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
പരസ്പരം സംസാരിച്ച് വിവരങ്ങൾ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജി പി ടി പ്രവർത്തിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടർ നൽകുന്ന ഉത്തരം പോലെയല്ല ഇതിന്റെ പ്രവർത്തനം. അപ്പുറത്തിരുന്ന് ഒരു സുഹൃത്ത് ചാറ്റ് ചെയ്യുന്നതുപോലെയാണ് ഇത് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നവരുടെ ആവശ്യം പരിഗണിച്ചായിരിക്കും ഇതിന്റെ പ്രവർത്തനം. ചാറ്റ് ജിപിടി ഏതുതരം ഭാഷയിലും നിങ്ങള്ക്ക് ഉത്തരം നല്കും. ഒരു കുട്ടിയുടെ ഭാഷയിലോ ഒരു പ്രൊഫസറുടെ ഭാഷയിലോ എങ്ങനെയാണോ നിങ്ങള് ആവശ്യപ്പെടുന്നത് ആ രീതിയിൽ തന്നെ ഉത്തരം ലഭിക്കും എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത.