കോഴിക്കു വേണ്ടി റെക്കോഡ് ലേലം വിളി; പത്തു രൂപയിൽ ആരംഭിച്ച ലേലം വിളി അവസാനിച്ചത് എത്ര രൂപയ്ക്കാണ് എന്നറിയുമോ ?
കണ്ണൂർ ഇരിട്ടിയിൽ ഒരു കോഴിക്ക് വേണ്ടി നടത്തിയ ലേലം വിളി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഒടുവിൽ എത്ര രൂപയ്ക്കാണ് കോഴിയെ സ്വന്തമാക്കിയത് എന്നറിയുമോ, 34000 രൂപയ്ക്ക്. അതെ പത്തു രൂപയ്ക്ക് തുടങ്ങിയ വാശിയേറിയ ലേലം വിളി അവസാനിച്ചത് 34,000 രൂപയ്ക്ക് ആയിരുന്നു.
ഇത്തരം ഒരു ലേലം വിളി സംഘടിപ്പിച്ചത് ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര കമ്മിറ്റിയാണ്. കോഴിയെ ഇത്രയും വില കൊടുത്ത് വാങ്ങിയത് എളന്നർ ഫേസ്ബുക്ക് കൂട്ടായ്മയാണ്. ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന്റെ ഭാഗമായാണ് അമ്പലക്കമ്മിറ്റി ഈ ലേലം വിളി സംഘടിപ്പിച്ചത്. വീറും വാശിയും നിറഞ്ഞ ഈ ലേലം വിളിയിൽ കോഴിയുടെ വില ഓരോ നിമിഷവും മാറി മറിഞ്ഞു. ഇത് എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് പോലും അറിയാതെ കാഴ്ചക്കാർ കുഴങ്ങി. പത്തു രൂപ ആണ് കോഴിക്ക് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. 10, 20 ആയി, നൂറായി പിന്നീട് നൂറ്, ആയിരവും പതിനായിരവും കടന്നു ആ ലേലം വിളി നീണ്ടു പോയി. കാഴ്ചക്കാർക്കും ആവേശം കൂടി. ചുറ്റും കൂടി നിന്നവർ വലിയ ആവേശത്തിൽ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തതോടെ ലേലം വിളിച്ചവർ മത്സരിച്ചു മുന്നോട്ടു പോയി. ഒടുവിൽ മുൻപെങ്ങും ഇല്ലാത്ത വിധം 34000 രൂപയ്ക്കാണ് കോഴി ലേലത്തിൽ പോയത്. നേരത്തെയും ഉത്സവത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള വാശി ഏറിയ ലേലം വിളികൾ നടന്നിട്ടുണ്ട് എങ്കിലും ഒരു കോഴിക്ക് 34,000 രൂപ കിട്ടുന്നത് ഇത് ആദ്യത്തെ സംഭവമാണ്.