ജമ്മു കാശ്മീരില്‍ കണ്ടെത്തിയ ലിഥിയം ശേഖരം ഇന്ത്യയുടെ ഭാവി തന്നെ നിർണയിക്കുമെന്ന് ഗവേഷകര്‍
ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ ലിഥിയം ശേഖരം കണ്ടെത്തിയ വാർത്ത പുറത്തു വന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. 60 ലക്ഷം ടൺ ലിഥിയം ശേഖരം ഇവിടെ ഉണ്ട് എന്നാണ് ഒടുവിൽ ലഭിച്ച വിവരം. സമീപ ഭാവിയില്‍ വാഹനങ്ങൾക്കും മറ്റും ഇന്ധനമായി ഉപയോഗിക്കാൻ ഏറ്റവും ആവശ്യമുള്ള മൂലകങ്ങളിൽ ഒന്നാണ് ലിഥിയം. ഇനിയുള്ള കാലത്ത് പെട്രോളിനേക്കാൾ പ്രാധാന്യം ഏറുന്നത് ലിഥിയത്തിന് ആയിരിക്കും. അതുകൊണ്ടാണ് ഈ വാർത്ത ഏറെ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു അതിലെ ലിഥിയം ബാറ്ററിയാണ്. നിലവിൽ കാശ്മീരിൽ കണ്ടെത്തിയ ലിഥിയം നിക്ഷേപം 60 ലക്ഷം ടൺ ആണെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രസക്തി വളരെ കൂടുതലാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ലിഥിയത്തിന്റെ നിക്ഷേപം ഉള്ള രാജ്യങ്ങൾ ചൈന , ഓസ്ട്രേലിയ , ചിലി എന്നിവിടങ്ങളാണ്. ഇവരാണ് നിലവില്‍ ഇതിന്റെ കുത്തക കയ്യാളുന്നത്. ഇവരുടെ ഇടയിലേക്കാണ് ഇന്ത്യ കടന്നു വരുന്നത്. ഇത് ഇലക്ട്രിക് വാഹന രംഗത്ത് ഒരു വലിയ കുതിച്ചു ചാട്ടത്തിന് തന്നെ സാക്ഷ്യം വഹിക്കും. ഈ രംഗത്തുള്ള ചൈനയുടെ കുത്തക ഇതോടുകൂടി അവസാനിപ്പിക്കാനും ഇന്ത്യക്ക് കഴിയും എന്നാണ് പ്രത്യശിക്കുന്നത്.
ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സർവ്വസാധാരണമായി മാറുന്നത് കൊണ്ട് തന്നെ ഫോസിൽ ഇന്ധനങ്ങളായ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറയ്ക്കാനും കഴിയും. ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് മലിനീകരണം തീരെയില്ല. ലോകത്തെ ക്ലീൻ എനർജി എന്ന പാതയിലേക്ക് ഇത് നയിക്കും എന്നാണ് ഗവേഷകർ കരുതുന്നത്.