പണം പലിശക്കെടുത്തും ഭാര്യയുടെ സ്വർണാഭരണങ്ങൾ വിറ്റും ഓൺലൈൻ റമ്മി കളിക്കാനായി ഗിരീഷ് ചെലവാക്കിയത് ലക്ഷങ്ങൾ; കടം മൂലം ആത്മഹത്യ ചെയ്ത ഗിരീഷ് ഒരു പാഠമാണ്
ഓൺലൈൻ റമ്മി കളിച്ചു ലക്ഷങ്ങൾ നഷ്ടപ്പെടുത്തി ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ച ഗിരീഷ് ഒരു മുന്നറിയിപ്പാണ്. ഓൺലൈൻ റമ്മി കളിയില്‍ മറഞ്ഞിരിക്കുന്ന ചതിക്കുഴികൾ ആണ് ഇതിലൂടെ പുറത്തു വരുന്നത്. ഓൺലൈൻ റമ്മി കളിയില്‍ ഗിരീഷിന് വല്ലാത്ത ആവേശമായിരുന്നു എന്ന് ഭാര്യ വിശാഖ പറയുന്നു. വളരെ വർഷങ്ങളായി ഗിരീഷിന് ഉറക്കം കുറവായിരുന്നു. മിക്ക ദിവസങ്ങളിലും വെളുപ്പിന് മൂന്ന് മണിവരെ ഉറങ്ങാതിരുന്ന് റമ്മി കളിക്കാറുണ്ടായിരുന്നു ഗിരീഷ്.
ഓൺലൈൻ റമ്മി കളിച്ചു മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി ഗിരീഷ് തന്നെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. കളിയിൽ ഭ്രാന്തമായ ആവേശമുണ്ടായിരുന്ന ഗിരീഷ് പിന്നീട് ഭാര്യയുടെ സ്വർണ്ണം പണയം വച്ചും പണം പലിശയ്ക്ക് എടുത്തും റമ്മി കളി ആരംഭിച്ചു. ബാധ്യതകൾ കുന്നു കൂടിയപ്പോൾ മദ്യപാനം തുടങ്ങി.
റമ്മി കളിക്കാതിരുന്നാൽ തന്റെ ഭര്‍ത്താവിന് ഒരു കുഴപ്പവും ഇല്ലെന്ന് ഭാര്യ പറയുന്നു. എന്നാൽ കുറച്ചു ദിവസം കളിക്കാതിരിക്കുമെങ്കിലും അതികം വൈകാതെ തന്നെ റമ്മി കളിയിലേക്ക് മടങ്ങി പോവുകയാണ് ചെയ്യുന്നത്. മദ്യപിച്ച് റമ്മി കളിക്കുമ്പോൾ എത്ര രൂപയാണ് നഷ്ടപ്പെടുന്നത് എന്ന ചിന്ത പോലും ഉണ്ടാകാറില്ല. റമ്മി കളിക്കിടെ എപ്പോഴോ ഉറങ്ങിപ്പോകുന്ന ഗിരീഷ് അടുത്ത ദിവസമാണ് പണം നഷ്ടപ്പെട്ട വിവരം പോലും അറിയുക. പണം നഷ്ടപ്പെട്ടതോർത്ത് ഗിരീഷ് കരയാറുണ്ടെന്നും വിശാഖ പറയുന്നു. പ്രത്യേകിച്ച് ഒരു കുടുംബ പ്രശ്നവും ഇല്ലാതിരുന്ന ഗിരീഷിന്റെ ജീവൻ നഷ്ടപ്പെടാനുള്ള കാരണം ഓൺലൈൻ റമ്മി കളിയാണ് എന്ന് സഹോദരനും പറയുന്നു.