മാമ്പഴക്കള്ളൻ പോലീസിൻറെ പണി പോകും; ഡിപ്പാർട്ട്മെന്റിനെ നാണം കെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചു വിടും

സംസ്ഥാനത്തെ പോലീസ് ഡിപ്പാർട്ട്മെന്റിന് തന്നെ നാണക്കേടായിരുന്നു ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ആയ പി വി ശിഹാബിന്റെ മാമ്പഴ മോഷണം. സമൂഹ മാധ്യമത്തിൽ ഉൾപ്പെടെ പോലീസിൻറെ ആത്മാഭിമാനത്തിന് തന്നെ ചോദ്യചിഹ്നമായി ഇയാളുടെ പ്രവൃർത്തി മാറിയിരുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ ഒരുങ്ങുകയാണ് ഡിപ്പാർട്ട്മെൻറ്. ഇതുമായി ബന്ധപ്പെട്ട് ശിഹാബിന് എസ് പീ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

mango thief police
മാമ്പഴക്കള്ളൻ പോലീസിൻറെ പണി പോകും; ഡിപ്പാർട്ട്മെന്റിനെ നാണം കെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചു വിടും 1

ക്രിമിനൽ പശ്ചാത്തലം ഉള്ള പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ശിഹാബിന്റെ കുരുക്ക് മുറുകിയത്. ക്രിമിനൽ പശ്ചാത്തലം ഉണ്ട് എന്ന കാരണത്തിന്റെ പേരിൽ നടപടി നേരിടാൻ ഒരുങ്ങുന്ന പോലീസുകാരുടെ ലിസ്റ്റിൽ ശിഹാബും ഉൾപ്പെട്ടിരുന്നു. നേരത്തെ തന്നെ ശിഹാബിനെതിരെ പലവിധ ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ നടപടി ഏറെക്കുറെ ഉറപ്പായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 28ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ശിഹാബ് കാഞ്ഞിരപ്പള്ളി ടൗണിലുള്ള ഒരു പഴക്കടയിൽ നിന്നും മാങ്ങാ മോഷ്ടിച്ചു. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ ശിഹാബിനെതിരെ പോലീസ് കേസെടുത്തു. ഇതോടെ ഇയാൾ  ഒളിവിൽ പോയി. എന്നാൽ പഴക്കടക്കാരൻ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തു തീർപ്പാക്കുകയും ചെയ്തു.

എന്നാൽ ശിഹാബിന്റെ മാങ്ങാ മോഷണം സമൂഹ മാധ്യമത്തിൽ അടക്കം വലിയ ചർച്ചയായി മാറിയതോടെ പോലീസിന് ഇത് വലിയ നാണക്കേടായി മാറി. ഇതോടെയാണ് ഇയാളെ സർവീസിൽ നിന്നും പിരിച്ചു വിടാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡിജിപി നല്കിയ നിര്‍ദേശം അനുസരിച്ച് ശിഹാബിന് ഇടുക്കി എസ് പി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെയും പല കേസുകളിലും ശിഹാബ് ആരോപണ വിധേയനാണ്. ഇതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ പിരിച്ചുവിടൽ തീരുമാനത്തിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button