ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബാംഗ്ലൂർ; ഇവിടെ 10 കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടുന്ന സമയം എത്രയാണെന്ന് അറിയുമോ
പല നഗരങ്ങളിലൂടെയും സഞ്ചരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്രത്തോളം വാഹന തിരക്കായിരിക്കും റോഡിൽ. കേരളത്തിലെ പല നഗരങ്ങളിലെയും സ്ഥിതി ഇതു തന്നെയാണ്. ലോകത്ത് തന്നെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി തെരഞ്ഞെടുത്തത് ഇന്ത്യയിലെ പ്രശസ്തമായ മെട്രോപോളിറ്റൻ സിറ്റി ആയ ബാംഗ്ലൂരാണ്. ലൊക്കേഷൻ ടെക്നോളജി സ്പെഷലിസ്റ്റ് ആയ ടോം ടോം പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച് ഈ നഗരത്തിൽ പത്ത് കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടുന്നത് 30 മിനിറ്റോളം സമയമാണ്. ടോം ടോം ട്രാഫിക് അധിഷ്ഠിത സാങ്കേതിക വിദ്യയുടെ ഡെവലപ്പറാണ്. അതുകൊണ്ടു തന്നെ ഇവരുടെ ഈ കണ്ടെത്തൽ ഏറെ പ്രാധാന്യമുള്ളതാണ്.
ഈ നഗരത്തിലൂടെ 10 കിലോമീറ്റർ സഞ്ചരിക്കുന്നതിന് കുറഞ്ഞത് അരമണിക്കൂർ സമയമാണ് വേണ്ടി വരുന്നത്. 2022ൽ 56 രാജ്യങ്ങളിലേ 389 നഗരങ്ങളിൽ ഉള്ള ട്രാഫിക് ട്രെൻഡുകൾ പരിശോധിച്ചതിനു ശേഷം ആണ് ടോം ടോം ഇത്തരം ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇവരുടെ ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനത്ത് ഉള്ളത് ലണ്ടനാണ്. ലണ്ടനിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടെന്ന മിനിമം സമയം 36 മിനിറ്റ് ആണ്. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിൻ, ജപ്പാനിലെ നഗരം സപ്പോറോ, ഇറ്റലിയിലെ നഗരമായ മിലാൽ എന്നിവയാണ് മറ്റ് സ്ഥാനങ്ങളിൽ ഉള്ളത്. ആറാം സ്ഥാനത്ത് ഉള്ളത് മറ്റൊരു ഇന്ത്യൻ നഗരമായ പൂനെ ആണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിക്കു 34 ആം സ്ഥാനത്താണ്. മറ്റൊരു വൻ നഗരമായ മുംബൈ 47 ആം സ്ഥാനത്താണ് ഉള്ളത്. ഇവിടെ 10 കിലോമീറ്റർ സഞ്ചരിക്കാൻ 21 മിനിറ്റ് മാത്രം മതി.