വനിത ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥർ പോര് രൂക്ഷം; സമൂഹ മാധ്യമത്തിലൂടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു
കർണാടകയിൽ രണ്ട് വനിത ഐ പി എസ് – ഐ എ എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായതോടെ ഭരണ തലത്തിൽ തന്നെ വലിയ തലവേദനയാണ് ഉണ്ടായിരിക്കുന്നത്. രണ്ടു ഉദ്യോഗസ്ഥരും പരസ്യമായി വ്യക്തിപരമായ അധിക്ഷേപങ്ങൾ തുടരുകയാണ്. സമൂഹ മാധ്യമത്തിലൂടെ അഴിമതി ആരോപണവും അധിക്ഷേപവും തുടരുകയാണ്. ഐ എ എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും രൂപ മോഡ്ഗില്‍ ഐപിഎസ് എന്നിവരും തമ്മിലുള്ള തര്‍ക്കം വ്യാപകമാവുകയാണ്.
കർണാടകയിലെ ചില ഐ എ എസ് ഉദ്യോഗസ്ഥർക്ക് പ്രൈവറ്റ് ചാറ്റിലൂടെ രോഹിണി അയച്ചു കൊടുത്ത ചിത്രങ്ങൾ രൂപ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചതോടെയാണ് വിവാദം കത്തിക്കയറിയത്. ഈ നടപടി അഡ്മിനിസ്ട്രേറ്റീവ് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും രോഹിണി പ്രതികരിച്ചു. അതേസമയം രൂപ തന്നോട് വ്യക്തി വിരോധം തീർക്കുകയാണെന്നും താൻ സമൂഹ മാധ്യമത്തിൽ പങ്കു വച്ച ചിത്രങ്ങൾ ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചരണം നടത്തുകയാണ് എന്നും രോഹിണി പറഞ്ഞു.
രൂപ ഇത് പതിവായി തുടരുകയാണെന്നും ഇവർക്കെതിരെ താൻ നിയമനടപടി ആരംഭിച്ചതായും രോഹിണി പ്രതികരിച്ചു. അതേസമയം മൈസൂർ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തിരുന്ന കാലത്ത് സിന്ദൂരി പല അഴിമതികളും നടത്തിയതായി രൂപ പറയുന്നു. ബന്ധുക്കളെ സഹായിക്കുന്ന തരത്തിൽ റവന്യൂ രേഖകൾ തിരുത്തിയെന്നും മൈസൂരിലെ ഡിസി ഓഫീസിൽ അനുവാദമില്ലാതെ നീന്തൽകുളം നിർമ്മിച്ചതായും അധികാരം ഉപയോഗിച്ച് പണം തട്ടിയെടുത്തതായും രൂപ പറഞ്ഞു. മാത്രമല്ല ഐഎഎസ് ഉദ്യോഗസ്ഥനായ ഡികെ രവി ആത്മഹത്യ ചെയ്തതിന് പിന്നിൽ സിന്ദൂര ആണെന്നും ഇവർ പറയുന്നു. ഇതിനിടെയാണ് സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തു എന്ന വിവാദം കനക്കുന്നത്.