വാപ്പയുടെ ചികിത്സയ്ക്ക് പണം ആവശ്യമായി വന്നപ്പോൾ എന്റെ കുഞ്ഞാറ്റയെ വിറ്റു; ഒരു ആടിനെ വാങ്ങി നൽകാമോ; അസ്നയുടെ ആവശ്യം നിറവേറ്റി ആഗ്രഹപ്പെട്ടി;
ക്യാൻസർ രോഗം ബാധിച്ചതിനെ തുടർന്ന് പിതാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി തന്റെ പൊന്നോമനയായ ആട്ടിൻകുട്ടിയെ വില്‍ക്കേണ്ടി വന്ന അഞ്ചാം ക്ലാസുകാരിക്ക് ആഗ്രഹപെട്ടി നൽകിയത് സ്വപ്നം കണ്ട സമ്മാനം. അസ്നയുടെ പിതാവ് ഒരു കൂലിപ്പണിക്കാരനായിരുന്നു. പിതാവ് രോഗബാധിതനായി മരണപ്പെടുക കൂടി ചെയ്തതോടെ കടുത്ത വിഷാദത്തിലേക്ക് അസ്ന നീങ്ങി. ഈ വിഷാദത്തിന് പരിഹാരം കണ്ടെത്തിയത് സ്കൂളിലെ ആഗ്രഹപ്പെട്ടിയാണ്. അസ്ന പഠിക്കുന്നത് പാലോട് ഇടിഞ്ഞാൽ ട്രൈബല്‍ സ്കൂളിൽ ആണ്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇടിഞ്ഞാൽ സ്വദേശി ഷിബുവിന്റെ മകൾ സ്കൂളിലെ ആഗ്രഹപ്പെട്ടികയിൽ ഒരു കുറിപ്പ് നിക്ഷേപിക്കുന്നത്.
‘എൻറെ കൂട്ടുകാരിയായിരുന്നു കുഞ്ഞാറ്റ എന്ന ആട്. ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു അവൾ, എന്നാൽ വാപ്പയുടെ ചികിത്സയ്ക്ക് പണം തികയാതെ വന്നതോടെ ആ ആടിനെ ഉമ്മ വിറ്റു. അതോടെ വലിയ സങ്കടത്തിലായി. ഒരു ആടിനെ വാങ്ങി നൽകാമോ… എന്നാമായിരുന്നു അസ്ന ആഗ്രഹ പെട്ടിയിൽ നിക്ഷേപിച്ച കുറിപ്പിൽ രേഖപ്പെടുത്തിയത്. ഈ സ്കൂളിൽ പഠിക്കുന്ന മിക്ക കുട്ടികളും പരിമിതമായ ജീവിത സാഹചര്യങ്ങളുള്ള ആദിവാസി ഊരുകളിൽ നിന്നുമാണ് വരുന്നവരാണ്. അതുകൊണ്ടുതന്നെ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ആഗ്രഹ പെട്ടി അവരെ സംബന്ധിച്ച് ഒരു മാജിക് ബോക്സ് ആണ്. അവിടെയുള്ള കുട്ടികളുടെ ജീവിത സാഹചര്യത്തെക്കുറിച്ച് അധ്യാപകർക്ക് നന്നായി അറിയാം.
കൈത്താങ്ങ് എന്ന കൂട്ടായ്മയുടെ സഹായത്തോടെയാണ് അധ്യാപകർ ഇത്തരം ഒരു പെട്ടി സ്കൂളിൽ സ്ഥാപിച്ചത്. കുട്ടികൾക്ക് ഇതിൽ അവരുടെ കൊച്ചുകൊച്ച് ആഗ്രഹങ്ങൾ എഴുതിയിടാനുള്ള അവസരമുണ്ട്. ഇത് അധ്യാപകരും കൈത്താങ് കൂട്ടായ്മയും ചേർന്ന് സാധിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ പെട്ടി തുറന്നപ്പോൾ അതിൽ അഞ്ചാം ക്ലാസുകാരിയായ അസ്നയുടെ കുറിപ്പ് കണ്ടെത്തിയത്. ഇത് വായിച്ച് അധ്യാപകർ കുട്ടിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.