പാർട്ടിക്കെത്തിയ എല്ലാ കുട്ടികളും കാണാൻ ഒരുപോലെ; വ്യാജ മേൽവിലാസം ഉപയോഗിച്ച് 60ൽ അധികം കുട്ടികൾക്ക് ജന്മം നൽകി ബീജ ദാതാവ്
പല വ്യാജ പേരുകൾ ഉപയോഗിച്ച് 60 ഓളം കുട്ടികൾക്ക് ജന്മം നൽകിയതിന്റെ പേരില്‍ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് ഒരു ബീജ ദാതാവ്. ഓസ്ട്രേലിയൻ സ്വദേശിയാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയത്. ഇയാൾ കൂടുതലായും ബീജം നൽകാറുള്ളത് സ്വവർഗ ദമ്പതികൾക്കാണ്. വളരെ നാളുകളായി ഇയാൾ ഇത് ചെയ്തു വരുന്നുണ്ട്. എന്നാല്‍ അടുത്തിടെ ഒരു പാർട്ടിയിൽ വച്ച് കണ്ട കുട്ടികളുടെ എല്ലാം മുഖം ഒരേപോലെ ഇരിക്കുന്നത് കണ്ടു സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ഇതിനു പിന്നിലുള്ള തട്ടിപ്പ് പുറത്ത് വരുന്നത്. പാർട്ടിക്ക് എത്തിയ കുട്ടികൾ എല്ലാവരും ഒരേ പോലെ ഇരിക്കുന്നത് കണ്ടപ്പോഴാണ് ഒരു അസ്വാഭാവികത തോന്നിയത്. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണം കൊണ്ട് ചെന്ന് എത്തിച്ചത് ബീജ തട്ടിപ്പിന്റെ കാണാപ്പുറങ്ങളിലേക്കാണ്.
പലവിധ സമ്മാനങ്ങളും വാങ്ങി ഇയാൾ ബീജം വില്പന നടത്തിയിരുന്നതായി പിന്നീട് മനസ്സിലായി. ഓസ്ട്രേലിയയിലെ നിയമം അനുസരിച്ച് ബീജം വിൽക്കുന്നത് കുറ്റകരമാണ്. അതുപോലെതന്നെ ഹ്യൂമൻ ടിഷ്യു ആക്ട് അനുസരിച്ച് മനുഷ്യൻറെ ബീജത്തിന് പണം നൽകുന്നതും അതിനു പകരമായി സമ്മാനങ്ങൾ കൈപ്പറ്റുന്നതും കടുത്ത നിയമലംഘനമാണ്. ഈ കുറ്റം തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് 15 വർഷം വരെയെങ്കിലും തടവ് ശിക്ഷ ലഭിച്ചേക്കാം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് വേണ്ടി ബീജം വാഗ്ദാനം ചെയ്യുന്ന ഒട്ടനവധി സോഷ്യൽ മീഡിയ ഫോറങ്ങൾ തന്നെ ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് വാസ്തവം. സമൂഹ മാധ്യമത്തിലൂടെ സമീപിക്കുന്ന നിരവധി പേർക്ക് ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി ബീജം ലഭ്യമാക്കാറുണ്ട്.