11 കോടി ധനസഹായം നല്കി അജ്ഞാതൻ; ഇനി മരുന്നിനു വേണ്ടി കണ്ടെത്തേണ്ട തുക 80 ലക്ഷം; നിര്വാണ് സാരംഗിന്റെ ചിരി മായില്ല
സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ്വ ജനതക രോഗം ബാധിച്ച നിര്വാണ് സാരംഗ് എന്ന ഒന്നര വയസ്സുകാരന് വിദേശത്തു നിന്നും അപ്രതീക്ഷിത ധനസഹായം എത്തി. 11 കോടിയോളം രൂപയാണ് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി വിദേശത്തുള്ള പേര് വെളിപ്പെടുത്താത്ത വ്യക്തി അയച്ചു നൽകിയത്.
കുട്ടിയുടെ ചികിത്സയ്ക്കു വേണ്ടി അഭ്യുദയ കാംക്ഷികളിൽ നിന്നും എത്തുന്ന പണം സ്വീകരിക്കാൻ ആരംഭിച്ച അക്കൗണ്ടിലേക്ക് 1.4 മില്യൺ ഡോളർ ആണ് എത്തിയത് (ഇത് ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ വരും). ഇതോടെ നിർവാണിന്റെ ചികിത്സയ്ക്ക് വേണ്ടി ഇതുവരെ ലഭിച്ച തുക 16 കോടിയിലധികമായി. ഇനി മരുന്നിനുവേണ്ടി ആകെ കണ്ടെത്തേണ്ടത് 80 ലക്ഷം രൂപ മാത്രമാണ്.
തന്നെ കുറിച്ചുള്ള യാതൊരു വിവരവും പുറത്തു വിടരുത് എന്ന് പണം അയച്ച ആൾ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. താൻ ഒരിക്കലും പ്രശസ്തി ആഗ്രഹിക്കുന്നില്ല എന്നും കുട്ടി സാധാരണ ജീവിതത്തിലേക്ക് തിരികെ വരണം എന്ന് മാത്രമാണ് തൻറെ ആഗ്രഹം എന്നും ഇയാൾ രക്ഷിതാക്കളെ അറിയിച്ചു.
കുട്ടിയുടെ ചികിത്സയ്ക്കുവേണ്ടി 17.5 കോടി രൂപ ചെലവ് വരുന്ന സോൾ ജൻസ്മ എന്ന ഒറ്റത്തവണ ജീൻ മാറ്റിവെക്കൽ ഉപയോഗിക്കുന്ന മരുന്നിനാണ് എത്രയധികം രൂപ ചെലവ് വരുന്നത്. കുട്ടിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് രക്ഷിതാക്കൾ സഹായം അഭ്യർത്ഥിച്ചിരുന്നു. ഏഴു മാസത്തിനകം കുട്ടിയുടെ ശരീരത്ത് മരുന്നു കുത്തിവയ്ക്കണം.
കുട്ടി എസ് എം എ ടൈപ്പ് ടു രോഗബാധിതനാണ്. കുട്ടിയുടെ അച്ഛൻ സാരംഗ് മേനോനും അമ്മ ആതിരാ നായരും മുംബൈയിൽ എൻജിനീയർമാരാണ്. മകന് ഈ അപൂർവ രോഗം സ്ഥിരീകരിച്ചതോടെ ഇവർ ജോലിയിൽ നിന്നും അവധിയെടുക്കുകയായിരുന്നു. കുട്ടി ജനിച്ച ഒരു വർഷം കഴിഞ്ഞതിനു ശേഷവും ഇരിക്കാനോ എഴുന്നേൽക്കാനോ തയ്യാറാകാതിരുന്നതോടെയാണ് അവർ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയത്. അപ്പോഴാണ് എസ് എം എ ടൈപ്പ് ടു രോഗമാണ് എന്ന് തിരിച്ചറിഞ്ഞത്. ചികിത്സയുടെ ആവശ്യത്തിന് അമേരിക്കയിൽ നിന്നും 17.4 കോടി രൂപ വിലയുള്ള മരുന്ന് എത്തിക്കണം. രണ്ടു വയസ്സിനു മുൻപ് മരുന്ന് നൽകിയെങ്കിൽ മാത്രമേ കുട്ടിക്ക് രോഗം ഭേദമാവുകയുള്ളൂ.