കള്ളന്മാരെ കൊണ്ട് ഒരു നിവർത്തിയുമില്ല; രാജ്യത്തെ ഏറ്റവും വലിയ ചന്ദനമരം മുറിച്ചു

രാജ്യത്തെ ഏറ്റവും വലിയ ചന്ദനമരം ഉണ്ടായിരുന്നത് ഇടുക്കി ജില്ലയിലെ മറയൂരുള്ള സോമന്റെ പുരയിടത്തിലായിരുന്നു. എന്നാൽ ഇവിടെ നിന്നും കള്ളന്മാർ ഈ ചന്ദനമരം മുറിച്ചു മാറ്റാൻ  ശ്രമം നടത്തുന്നത് പതിവായതോടെയാണ് 150 വർഷം പഴക്കമുള്ള ചന്ദനമരം ഇവിടെ നിന്നും മുറിച്ചു മാറ്റിയത്. കൃത്യമായി പറഞ്ഞാൽ ഒന്നരക്കോടിയിൽ അധികം രൂപ വില വരും ഈ ചന്ദനമരത്തിന്.

sandel wood
കള്ളന്മാരെ കൊണ്ട് ഒരു നിവർത്തിയുമില്ല; രാജ്യത്തെ ഏറ്റവും വലിയ ചന്ദനമരം മുറിച്ചു 1

ഡീ എഫ് ഒയുടെ നേതൃത്വത്തിലാണ് ചന്ദനമരം മുറിച്ചു മാറ്റിയത്. മരത്തിൻറെ പല ശിഖരങ്ങളും നേരത്തെ തന്നെ കള്ളന്മാർ വെട്ടി മാറ്റിയിട്ടുണ്ട്. ഈ മരം മോഷ്ടിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ചു നാളുകളായി കള്ളന്മാരുടെ ഭാഗത്തുനിന്നും തുടരുന്നുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് 2021ല്‍  മറയൂർ ഡി എഫ് ക്ക് വസ്തു ഉടമയായ സോമൻ അപേക്ഷ നൽകിയത്.

പക്ഷേ ചന്ദനമരം ഇരിക്കുന്ന സ്ഥലം പട്ടയഭൂമി ആയതിനാൽ ഡി എഫ് ഓ ക്ക് സ്വയം തീരുമാനം എടുക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ അനുമതിക്ക് വേണ്ടി ദേവികുളം സബ് കളക്ടർക്ക് അപേക്ഷ കൈമാറി. എന്നാൽ ഈ അപേക്ഷയിന്മേൽ കൂടുതൽ നടപടികളൊന്നും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതിനിടെ ഏതാനും ആഴ്ചകൾക്ക് മുൻപ് വീണ്ടും മോഷണത്തിനുള്ള ശ്രമം നടന്നു. കള്ളന്മാർ മരത്തിൻറെ ഒരു പ്രധാന ശിഖരം മുറിച്ചു കടത്തി. ഇതോടെയാണ് ചന്ദനമരം മുറിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.

സോമന് ഈ ഭൂമിയിൽ പട്ടയം ലഭിക്കുമ്പോൾ തന്നെ അതിൽ ചന്ദനമരം ഉണ്ട്. ചന്ദനമരം പട്ടയ ഭൂമിയിൽ റിസർവ് ചെയ്തിരിക്കുന്നതിനാൽ സ്ഥലം ഉടമയായ സോമന് പണം നൽകാൻ കഴിയില്ല. നിലവിൽ സോമന്റെ പുരയിടത്തിൽ 15ൽ അധികം ചന്ദനമരങ്ങളാണ് ഉള്ളത്. മൂന്നു മരങ്ങൾ വലുതായിരുന്നു. രണ്ടെണ്ണം പലപ്പോഴായി കള്ളന്മാർ മുറിച്ചു കൊണ്ടു പോയി. ഒരിക്കൽ സോമനെയും കുടുംബത്തെയും വീട്ടിനുള്ളിൽ കെട്ടിയിട്ട് പോലും മോഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button