രജിസ്റ്റർ മാരേജിന്റെ അന്ന് വരന്റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ്; മറുപടിക്ക് കാത്തു നിൽക്കാതെ ധന്യ യാത്രയായി
വിവാഹ ദിവസം വരന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയ സംഭവത്തില്‍ 23കാരി ജീവനൊടുക്കി. തന്റെ കിടപ്പ് മുറിയിലെ കുളിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശി ധന്യയെ ആണ് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ധന്യ കഴിഞ്ഞ ഒരു വർഷത്തില്‍ അധികമായി അഞ്ചൽ സ്വദേശിയായ അഖിലുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ധന്യയെ കാണാതാവുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അഖിലിന്റെ ഒപ്പം ആണ് ധന്യ എന്ന് മനസ്സിലായി. തുടര്‍ന്നു ഇരുവരെയും പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ഒടുവിൽ ധന്യയുടെ വീട്ടുകാരുമായി നടത്തിയ ചർച്ചക്ക് ശേഷം ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു. താൻ ധന്യയെ വിവാഹം കഴിക്കാമെന്ന് പോലീസിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ അഖിൽ വാക്ക് നൽകുകയും ചെയ്തു. തുടർന്ന് ധന്യ വീട്ടുകാരുടെ ഒപ്പം മടങ്ങിപ്പോയി. വ്യാഴാഴ്ച വിവാഹം രജിസ്റ്റർ ചെയ്യാം എന്ന് തീരുമാനിക്കുകയും ചെയ്തു. ഈ ഉറപ്പിന്മേലാണ് ഇരുവരും പിരിഞ്ഞത്.
നേരത്തെ മുന്‍ നിശ്ചയിച്ചത് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ധന്യയും കുടുംബവും ഇട്ടിവ പഞ്ചായത്തിൽ എത്തിയെങ്കിലും അഖിൽ മാത്രം വന്നില്ല. അഖിലിനെ പലപ്രാവശ്യം മൊബൈലില്‍ വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഒരുപാട് നേരം കാത്തിരുന്നിട്ടും അഖിലിനെ കാണാതായതോടെ ധന്യയും വീട്ടുകാരും മടങ്ങിപ്പോവുക ആയിരുന്നു. തുടർന്ന് വീട്ടില്‍ മടങ്ങി എത്തിയ ധന്യ അഖില്‍ എത്താത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടരുകയാണ്.