വിവാഹ വാർഷിക ദിനം മറന്നു; 32 കാരനെ ഭാര്യ അടിച്ച് ഇഞ്ചപ്പരുവമാക്കി; ഭാര്യ വീട്ടുകാരെത്തി വീടും വാഹനവും അടിച്ചു തകർത്തു
ജീവിതത്തിലെ ചില ദിവസങ്ങൾ നമ്മൾ എല്ലായിപ്പോഴും ഓർമ്മയിൽ സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ ഒരിക്കലും മറക്കാത്ത ഒരു ദിവസമാണ് വിവാഹ വാർഷിക ദിനം. എന്നാൽ തിരക്കുകൾക്കിടയിൽ ചിലപ്പോഴെങ്കിലും ഇത് മറന്നു പോകുന്നവരും ഉണ്ട്. അത്തരത്തിൽ വിവാഹ വാർഷിക ദിനം മറന്നുപോയ 32 കാരനു ഭാര്യയിൽ നിന്നും നേരിടുന്നത് കൊടിയ മർദ്ദനം. തന്റെ വീട്ടുകാരെ കൂടി വിളിച്ചു വരുത്തിയാണ് ഭാര്യയുടെ ക്രൂര മർദ്ദന മുറ.
സംഭവം നടന്നത് മുംബൈയിലെ ഗോ വണ്ടിയിലാണ്. വിവാഹ വാർഷിക ദിനം മറന്നതിന് അതിക്രൂരമായ മർദ്ദനം നേരിടേണ്ടിവന്നത് വിശാൽ നോംഗ്രെ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ്. ഇയാളുടെ ഭാര്യ കല്പനയാണ് ഇദ്ദേഹത്തെ അതിക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. വിശാലിന്റെയും കൽപ്പനയുടെയും വിവാഹം നടന്നത് 2018 ഫെബ്രുവരി 18നാണ്. പക്ഷേ ഇത്തവണ ഫെബ്രുവരി 18 ന് വിവാഹ വാർഷിക ദിനം ആണ് എന്ന കാര്യം ഇയാൾ മറന്നു പോയി. എല്ലാ ദിവസത്തെയും പോലെ ഓട്ടോ ഒതുക്കിയതിനു ശേഷം വീട്ടിലെത്തിയ വിശാലിനെ കാത്തിരുന്നത് ഭാര്യയുടെ അതിക്രൂര മർദ്ദനം ആയിരുന്നു. ഭര്‍ത്താവ് വിവാഹ വാർഷിക ദിനം മറന്ന കാര്യം ഇതിനോടകം തന്നെ കല്പന തന്റെ കുടുംബക്കാരെയും അറിയിച്ചിരുന്നു. ഭാര്യാ സഹോദരനും അമ്മായിയമ്മയും കൂടി പാഞ്ഞെത്തി വിശാലിനെ പഞ്ഞിക്കിട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. ഇതിനിടെ ഭാര്യയുടെ സഹോദരൻ വിശാലിന്റെ ഓട്ടോറിക്ഷയുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും വീടിൻറെ ജനാലകളും മറ്റും തല്ലി തകർക്കുകയും ചെയ്തു. അവിടം കൊണ്ടും അവസാനിച്ചില്ല, ബന്ധുക്കൾ എല്ലാവരുംകൂടി എത്തി വിശാലിന്റെ കുടുംബവീടും അടിച്ചു തകർത്ത് അമ്മയെയും അതിക്രൂരമായി മർദ്ദിച്ചു. നിലവിൽ ഭാര്യ വീട്ടുകാർക്കെതിരെ പരാതി നൽകിയിരിക്കുകയാണ്. വിശാൽ ഇപ്പോള്‍ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.