ഇന്ത്യ പീഡിപ്പിക്കുന്നു; വിവാദ ആൾദൈവം നിത്യാനന്ദയുടെ പ്രതിനിധി യുഎൻ മീറ്റിൽ
ഇന്ത്യയിലുള്ളപ്പോൾ മുതൽ എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്ന വ്യക്തിയായിരുന്നു ആൾദൈവം നിത്യാനന്ദ. രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടും എന്ന നില വന്നതോടെ നാടു വിട്ടു പോയ അദ്ദേഹവും അനുചരന്മാരും ആഫ്രിക്കയുടെ ഉൾപ്രദേശത്തുള്ള ഒരു ദ്വീപ് വാങ്ങി കൈലാസ മഹാരാജ്യം എന്ന് പേരും നൽകി താമസം തുടരുകയാണ്. നിലവില്‍ അദ്ദേഹവും ഭക്തന്മാരും കഴിയുന്നത് അവിടെയാണ്. അദ്ദേഹത്തിൻറെ സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്നാണ്. ഈ രാജ്യത്തിന് സ്വന്തമായി കറന്‍സിയും ഉണ്ട് . കഴിഞ്ഞ ദിവസം നടന്ന യുഎൻ മീറ്റിൽ കൈലാസയുടെ പ്രതിനിധി പങ്കെടുത്തിരുന്നു. സ്വദേശമായ ഇന്ത്യ നിത്യാനന്ദയെ വേട്ടയാടുകയാണ് എന്ന് മീറ്റിൽ പങ്കെടുത്ത കൈലാസത്തിന്റെ പ്രതിനിധി വിജയപ്രദ അറിയിച്ചു. ഫെബ്രുവരി 22ന് നടന്ന യുണൈറ്റഡ് നേഷന്റെ മീറ്റിലാണ് കൈലാസത്തിലെ പ്രതിനിധിയുടെ ഈ ആരോപണം.
ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്നാണ് നിത്യാനന്ദ രാജ്യം വിട്ടത്. എന്നാൽ തദ്ദേശീയരായ ഗോത്ര വർഗ്ഗത്തിൽപ്പെട്ട ആളുകളെ പുതിയ ജീവിതത്തിലേക്ക് നയിച്ചതിന് അദ്ദേഹം പീഡനം ഏറ്റുവാങ്ങുകയും സ്വന്തം നാട്ടിൽ നിന്നും നാടുകടത്തപ്പെടുകയുമാണ് ചെയ്തത് എന്നും കൈലാസത്തിന്റെ പ്രതിനിധി പറയുന്നു. പൂർണ്ണമായും ഹിന്ദു വിശ്വാസത്തിൽ അധിഷ്ഠിതമായ രാജ്യമാണ് കൈലാസ എന്നും ഇവിടേക്ക് കടന്നു കയറുന്നതിനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അവർ യുഎൻ മീറ്റിൽ ആവശ്യപ്പെട്ടു. നിലവിൽ നിത്യാനന്ദക്കെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സ്ത്രീ പീഡനം ഉൾപ്പെടെ പല കേസുകളും ഇയാളുടെ മേൽ നിലനിൽക്കുന്നുണ്ട്. അഹമ്മദാബാദിലുള്ള ആശ്രമത്തിൽ അനധികൃതമായി സ്ത്രീകളെ പാർപ്പിച്ചുവെന്ന് ആരോപണവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. ഇതിനുശേഷമാണ് നിത്യാനന്ദ ഇന്ത്യ വിട്ട് പോകുന്നത്.