ഈ സംഭവം നടന്നത് പകൽസമയത്ത് ആയതിനാൽ എനിക്ക് നേരിടാൻ കഴിഞ്ഞു…രാത്രിയിലാണ് ഇത് നടന്നതെങ്കിലോ…മാധ്യമ പ്രവർത്തക ചോദിക്കുന്നു….
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ തന്നോട് ഓട്ടൊ ഡ്രൈവർ മോശമായി പെരുമാറിയെന്ന് മാധ്യമപ്രവർത്തക. അവർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ട്വീറ്റിലൂടെയാണ് വിഷയം പുറംലോകം അറിയുന്നത്. ഡൽഹിയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ ഇത് വൈറലായി മാറിയതോടെ ഡൽഹി വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടു. പരാതി വന്നതോടെ ഡൽഹി പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തക പരാതി നൽകിയിരിക്കുന്നത് വിനോദ് കുമാർ എന്ന ഓട്ടോ ഡ്രൈവർക്കെതിരെയാണ്. ഇയാളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.
പ്രസ്തുത മാധ്യമപ്രവർത്തക മാളവ്യ നഗറിലെ സുഹൃത്തിനെ കാണുന്നതിന് വേണ്ടിയാണ് എന്‍ എഫ് സീ യില്‍ നിന്നും ഊബറില്‍ ആട്ടോ ബുക്ക് ചെയ്തു കയറിയത്. താന്‍ ഓട്ടോയിൽ ഇരുന്ന് പാട്ടു കേൾക്കുകയായിരുന്നു അതുകൊണ്ടുതന്നെ എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം കണ്ടില്ല എന്നും യുവതി പറയുന്നു. ഇടയ്ക്ക് ശ്രദ്ധിച്ചപ്പോഴാണ് ഓട്ടോ ഡ്രൈവർ ഓട്ടോയുടെ ഇടതുവശത്തുള്ള കണ്ണാടിയിലൂടെ തന്നെ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കണ്ണാടിയിൽ തൻറെ മാറിടങ്ങൾ കാണുന്നുണ്ടായിരുന്നു. അയാൾ അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ആയിരുന്നു ഓട്ടോ ഓടിച്ചത്. ഇത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. ഉടൻതന്നെ സീറ്റിന്റെ മറ്റൊരു വശത്തേക്ക് മാറിയിരുന്നു അപ്പോൾ മറ്റേ കണ്ണാടിയിലൂടെ അയാൾ നോട്ടം തുടർന്നു. ഒടുവിൽ കണ്ണാടിയിൽ തന്നെ കാണാത്ത വിധം മാറിയിരുന്നപ്പോഴും അയാൾ പിന്മാറാൻ കൂട്ടാക്കിയില്ല. ഉടൻ തന്നെ ഊബർ ആപ്പിൽ കണ്ട നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചു.
പക്ഷേ ആപ്പിലുള്ള ചില സാങ്കേതിക തകരാറുകൾ മൂലം കമ്പനിയുമായി ബന്ധപ്പെടുന്നതിന് കഴിയുമായിരുന്നില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വിവരം പങ്കുവെച്ചത്. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ ഡൽഹി വനിതാ കമ്മീഷൻ ഇടപെട്ടു. ഇതിനുശേഷമാണ് പോലീസിൽ പരാതി നൽകുന്നത്. എഫ് ഐ ആര്‍ ഫയൽ ചെയ്യുമെന്നു ഡൽഹി പോലീസ് അറിയിച്ചതായി യുവതി പറഞ്ഞു. ഈ സംഭവം നടന്നത് പകൽ സമയത്ത് ആയതുകൊണ്ടാണ് തനിക്ക് നേരിടാൻ കഴിഞ്ഞത്. രാത്രിയിൽ ആയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് അവർ ചോദിക്കുന്നു. ഊബര്‍ പവർത്തിച്ചില്ല. അവർ തന്നെ തിരിച്ചു ബന്ധപ്പെടുക എങ്കിലും ചെയ്യണമായിരുന്നു, പക്ഷേ താൻ പ്രതികരിച്ചതിനു ശേഷം മാത്രമാണ് കമ്പനി തന്നെ ബന്ധപ്പെട്ടതെന്ന് യുവതി പറയുന്നു.