പശുക്കളുടെ വയറ്റിൽ വലിയ ദ്വാരങ്ങൾ ഉണ്ടാക്കി പരീക്ഷണം നടത്തുന്നത് തുടരുന്നു….വിമര്‍ശനവുമായി മൃഗ സംരക്ഷകര്‍….വലിയ നേട്ടമെന്ന് ഗവേഷകര്‍….
ന്യൂസിലൻഡിലും അമേരിക്കയിലും പശുക്കൾക്കിടയിൽ നടന്നു വരുന്ന ഒരു പരീക്ഷണം ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പശുക്കളുടെ വയറ്റിൽ വലിയ ദ്വാരങ്ങൾ ഉണ്ടാക്കി അതുവഴി ദഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അതിന് സഹായിക്കുന്ന സൂക്ഷ്മാണുക്കളെ കുറിച്ച് പഠിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ദ്വാരത്തിലൂടെ ദഹനത്തിന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോയില്‍ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പശുവിൻറെ വയറിൻറെ ഭാഗത്ത് പ്രത്യേക രീതിയിൽ ഉണ്ടാക്കുന്ന ഫിസ്റ്റുല എന്ന പേരിൽ അറിയപ്പെടുന്ന ദ്വാരങ്ങൾ നേരെ പ്രവേശിക്കുന്നത് കുടലിലേക്കാണ്. ആവശ്യാനുസരണം ഇത് അടച്ചും തുറന്നും വയ്ക്കുവാന്‍ കഴിയും. പശുവിന്റെ ദഹനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് ആവശ്യമുള്ളപ്പോൾ ഇത് തുറന്നു പരിശോധിച്ചു അതിൽ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം എന്താണെന്ന് പഠനവിധേയമാക്കുന്നു. എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥ ഉണ്ടായാൽ വയറ്റിൽ നിന്നും നേരിട്ട് ഭക്ഷണപദാർത്ഥങ്ങൾ നീക്കം ചെയ്യാനും കഴിയും. ഈ പ്രക്രിയ നടക്കുന്ന ആദ്യ നാളുകളിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതൊഴിച്ചാൽ പശുക്കൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല.
എല്ലാം തന്നെ ഗവേഷകരുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ ആയിരിക്കുകയും ചെയ്യും. മുറിവുണങ്ങി സ്വാഭാവിക നിലയിലായി കഴിഞ്ഞാൽ ഈ നിരീക്ഷണത്തിന്റെ ആവശ്യം പിന്നീട് ഇല്ല. ഇതിനെ ഒരു വലിയ ചുവടുവയ്പ്പായി ശാസ്ത്രലോകം കാണുന്നുണ്ട് എങ്കിലും ഒരു ജീവിയുടെ സ്വാഭാവിക ജീവക്രമത്തെ ഇല്ലാതാക്കുന്നതാണ് ഇത് എന്ന് പ്രകൃതിസ്നേഹികൾ വാദിക്കുന്നു. ഈ മുറിവുകൾ ഉണങ്ങുന്നതിന് 5 ആഴ്ച വരെ എടുക്കുന്നതിനാൽ അത്രയും നാൾ കഠിനമായ വേദനയിലൂടെയാണ് പശു കടന്നുപോകുന്നത്. ഇത് പശുവിനോട് ചെയ്യുന്ന വലിയ ക്രൂരതയാണ് എന്ന് വിലയിരുത്തപ്പെടുന്നു.