വഴിയില്ല… മൃതദേഹം ചുമന്നു കൊണ്ടുപോയത് പാടത്തിന് നടുവിലുള്ള നടവരമ്പിലൂടെ…വഴിയെന്ന സ്വപ്നം പൂർത്തീകരിക്കാതെ സ്കറിയ വിട വാങ്ങി…
കഴിഞ്ഞ ദിവസം മരണപ്പെട്ട കീരംപാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഊഞ്ഞാപ്പാറയ്ക്ക് സമീപത്തുള്ള കണികണ്ടം പാടം ചെങ്ങമനാട് സ്കറിയ കുരുവിളയുടെ മൃതദേഹം വഴിയില്ലാത്തതിനെ തുടർന്ന് ചുമന്നു കൊണ്ടു പോയത് പാടത്തിന് നടുവിലുള്ള നടവരമ്പിലൂടെ. മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടി പള്ളിയിലേക്ക് കൊണ്ടു പോയത് ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന ഒറ്റയടി പാതയിലൂടെ ചുമന്നാണ്. വാഹനം പോകാൻ കഴിയുന്ന വഴി എന്ന സ്വപ്നം എന്നന്നേക്കുമായി ബാക്കിയാക്കിയാണ് സ്കറിയ യാത്രയായത്.
അഞ്ചു വർഷം മുൻപാണ് സ്കറിയ മൂന്നു മീറ്റർ വീതിയിൽ 110 മീറ്റർ സ്ഥലം വഴിക്ക് സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകിയത്. എന്നാൽ പാടം നികത്തി മണ്ണിട്ട് നിരപ്പാക്കി വഴിയാക്കുന്നതിന് ഫണ്ടില്ല എന്ന കാരണം പറഞ്ഞു അത് നടപ്പിലായില്ല. ഈ പ്രദേശത്ത് ആകെ അഞ്ച് വീട്ടുകാരാണ് താമസിക്കുന്നത്. ഇവർ സഞ്ചരിക്കുന്നത് പാടത്തിന് നടുവിലൂടെയുള്ള ഒറ്റയടി പാതയിലൂടെയാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് മറ്റൊരു മരണം സംഭവിച്ചപ്പോഴും ഇതേ രീതിയിൽ തന്നെയാണ് മൃതദേഹം കൊണ്ടു പോയത്. ഈ പ്രദേശത്തുള്ളവര്‍ക്ക് സഞ്ചാരയോഗ്യമായ വഴി നിർമ്മിച്ചു നൽകണം എന്ന ആവശ്യം ഇതുവരെ നടപ്പിലായില്ല.
ഈ പ്രദേശത്ത് താമസിക്കുന്നവരുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാർത്ത നേരത്തെ തന്നെ പുറത്തു വന്നിട്ടുള്ളതാണ്. എം എൽ എയുടെയോ എം പിയുടെയോ ഫണ്ടാണ് ഇനി ഇവർ പ്രതീക്ഷിക്കുന്ന ഒരേയൊരു പോംവഴി. നിലവിൽ 5 വീട്ടുകാർ മാത്രമാണ് ഈ പ്രദേശത്ത് ഉള്ളത് എന്നതു കൊണ്ടു തന്നെ രാഷ്ട്രീയക്കാരുടെ ഭാഗത്തു നിന്നോ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നോ വലിയ പരിഗണനയൊന്നും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.