ലോണ്‍ ഗഡു മുടക്കുന്നവര്‍ ജാഗ്രതൈ.. ഓടിക്കൊണ്ടിരിക്കുന്ന വാഹനം നിശ്ചലമാകും… കാർ അനങ്ങില്ല…. ഇത് പുത്തൻ ടെക്നോളജി….
വാഹനം എടുത്തു കഴിഞ്ഞാൽ ഒരു ചെറിയ ശതമാനം ആൾക്കാർ എങ്കിലും അതിൻറെ തിരിച്ചടവ് ബോധപൂർവ്വം മുടക്കുന്ന ശീലമുണ്ട്. മിക്കപ്പോഴും പണം പിരിക്കാൻ വിളിക്കുന്ന ഫിനാൻസ് കമ്പനിയുടെ ആളുകളിൽ നിന്നും ഒളിച്ചു നടക്കുന്നതും ഇത്തരക്കാരുടെ ശീലമാണ്. എന്നാൽ ലോൺ ഗഡു അടക്കാത്ത സാഹചര്യത്തിൽ കാറിനെ പ്രവർത്തനരഹിതമാക്കാൻ കഴിയുന്ന ഒരു പുതിയ സാങ്കേതികവിദ്യക്ക് ഉള്ള പേറ്റന്റിന് അപേക്ഷ നൽകിയിരിക്കുകയാണ് പ്രമുഖ വാഹനനിർമ്മാതാക്കളായ ഫോർഡ്.
ഈ പുതിയ സാങ്കേതികവിദ്യ അനുസരിച്ച് ലോൺ ഗഡു മുടങ്ങുകയാണെങ്കിൽ കമ്പനിക്ക് വാഹനത്തിന്റെ എൻജിൻ , എസി എന്നിവ പ്രവർത്തന രഹിതമാക്കുന്നതിനോടൊപ്പം വാഹനം ലോക്ക് ചെയ്യുന്നതിനുകൂടി കഴിയും എന്ന് ചുരുക്കം.
ഫോര്‍ഡ് സമർപ്പിച്ചിരിക്കുന്ന ഈ പുതിയ സാങ്കേതിക വിദ്യയ്ക്ക് അവർ നൽകിയിരിക്കുന്ന പേര് പൊസഷൻ ലിങ്ക് ടെക്നോളജി എന്നാണ്. വാഹന ഉടമ തവണ മുടക്കുകയോ പ്രതിമാസ പെയ്മെൻറ് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ കാറിന്റെ എയർ കണ്ടീഷനിങ് ഓഫ് ആകുന്നതുള്‍പ്പെടെ വാഹനം വിദൂരതയിലിരുന്നു നിശ്ചലമാക്കാന്‍ നിർമ്മാതാവിനെ സഹായിക്കുകയും ചെയ്യും. മാത്രമല്ല വാഹനം അവിടെ നിന്നും കെട്ടിവലിച്ചു കൊണ്ടുപോകുന്നതിന് വാഹന നിർമ്മാതാക്കളുടെ ഓട്ടോണോമസ് വാഹനങ്ങൾ അവിടേക്ക് പാഞ്ഞെത്തുകയും ചെയ്യും എന്നതും ഈ ടെക്നോളജിയുടെ പ്രത്യേകതയാണ്.
വാഹനം വാങ്ങാൻ പണം നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് ടെക്നോളജി ഏറെ പ്രയോജനപ്രദമാണ് എങ്കിലും പണം നൽകാൻ വീഴ്ച വരുത്തുന്നവർക്ക് ഇത് വലിയ തലവേദനയായി മാറും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് തങ്ങളുടെ ഉപഭോക്താക്കളെ മുൻനിർത്തി ഉപയോഗിക്കാൻ ഫോർഡ് നിശ്ചയിച്ചിട്ടില്ല എന്നാണ് ലഭിക്കുന്നത് വിവരം. കാരണം ഈ ഒറ്റ ടെക്നോളജിയുടെ പേരില്‍ തങ്ങളുടെ വാഹനങ്ങൾ ആളുകൾ വാങ്ങിക്കാതിരിക്കുമോ എന്ന ആശങ്കയും കമ്പനിക്കുണ്ട്. മറ്റ് എല്ലാ വാഹന നിർമ്മാതാക്കളും ഇത് ഉപയോഗപ്പെടുത്തുകയാണെങ്കില്‍ മാത്രമേ ഫോര്‍ഡും ഇത് തങ്ങളുടെ വാഹനത്തില്‍ ഉപയോഗിക്കുകയുള്ളൂ എന്നാണ് വിവരം. ഏതായാലും ഫോഡിൻറെ ഈ പുതിയ സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് ലഭിക്കുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ല.