ഇനിമുതൽ ഉപ്പു വാരി വിതറുന്നതിന് മുമ്പ് ശ്രദ്ധിക്കണം…. മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന….
ഉപ്പില്ലാത്ത കഞ്ഞി പോലെ, എന്ന ഒരു പ്രയോഗം തന്നെ മലയാളത്തിലുണ്ട്. എത്ര രുചിയുള്ള ഭക്ഷണമാണെങ്കിലും അതില്‍ ഉപ്പില്ലെങ്കിൽ പിന്നെ എന്ത് കാര്യം എന്ന് ചിന്തിക്കുന്നവരാണ് നമ്മൾ. ഒരു ഭക്ഷണത്തിൻറെ രുചിയെ നിർണയിക്കുന്നതിൽ ഉപ്പിനുള്ള പങ്ക് അത്രത്തോളം വലുതാണ്. എന്നാൽ അളവില്ലാതെ ഉപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
അമിതമായ അളവിൽ ഉപ്പ് ഉള്ളിൽ ചെന്നാൽ അത് പല രോഗങ്ങളിലേക്കും വഴിവെക്കും എന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. പക്ഷാഘാതം ഹൃദയസംബന്ധമായ രോഗങ്ങൾ അർബുദം എന്നിവയിലേക്ക് ഉപ്പിന്റെ അമിത ഉപയോഗം കൊണ്ട് ചെന്ന് എത്തിക്കും. അതുകൊണ്ടാണ് ഡബ്ലിയു എച്ച് ഓ ഈ അടിയന്തര മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉപ്പിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. നിലവിലുള്ള സാഹചര്യത്തിലൂടെ ആണ് മുന്നോട്ടു പോകുന്നത് എങ്കിൽ 2025 ആകുന്നതോടെ ഉപ്പിന്റെ ഉപഭോഗം 30% കുറയ്ക്കണം എന്ന ലോക ആരോഗ്യ സംഘടനയുടെ ലക്ഷ്യം ഒരുതരത്തിലും കൈവരിക്കാൻ കഴിയില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
ഇന്ത്യ ഉൾപ്പെടെയുള്ള 73% രാജ്യങ്ങൾക്കും ലോകാരോഗ്യ സംഘടനയുടെ നയങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ല എന്ന കുറ്റപ്പെടുത്തലും അവരുടെ റിപ്പോർട്ടിൽ ഉണ്ട്. ഉപ്പിന്റെ ഉപയോഗം കുറച്ചു കൊണ്ടുവന്നാൽ 2030 ആകുന്നതോടെ ഏഴ് ദശലക്ഷം പേരുടെയെങ്കിലും ജീവൻ രക്ഷിക്കാം എന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നടത്തുന്ന വിലയിരുത്തൽ.
പ്രായപൂർത്തിയായ ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് 5 ഗ്രാമിൽ താഴെ മാത്രമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് പത്ത് ഗ്രാമിന് മേലാണ്. ബ്ലഡ് പ്രഷർ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും ഇത് കാരണമാകും. ഉപ്പിന്റെ അളവ് കൂടുന്നത് പല മാനസിക പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. ഉപ്പ് കൂടുതലുള്ള ഡയറ്റ് സമ്മർദ്ദം വർധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു.