ടിക്കറ്റ് നൽകി പണം വാങ്ങാൻ കണ്ടക്ടർ ഇല്ല…അനന്തപുരി ബസിന് യാത്രക്കാരെ വിശ്വാസമാണ്…അത്യാധുനീക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള ഈ ബസിന്റെ വിശേഷങ്ങൾ….
കണ്ടക്ടർ ഇല്ലാതെ യാത്രക്കാരെ മാത്രം വിശ്വസിച്ചു ഒട്ടനവധി പ്രത്യേകതകളുമായി തലസ്ഥാന നഗരിയിൽ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് ഉണ്ട്. പാലോട് കല്ലറ റൂട്ടിലാണ് ഈ ബസ് സർവീസ് നടത്തുന്നത്. അനന്തപുരി ബസ് എന്നാണ് ഇതിന്റെ പേര്. യാത്രക്കാർക്കിടയിൽ ഈ ബസ് സൂപ്പർതാരമാണ്. നിരവധി പ്രത്യേകതകളാണ് ഈ ബസ്സിനുള്ളത്.
ഈ ബസ്സിന്റെ ഒന്നാമത്തെ പ്രത്യേകത ഇതിന് കണ്ടക്ടർ ഇല്ല എന്നതാണ്. അപ്പോൾ കൂലി എങ്ങനെയാണ് വാങ്ങുക എന്ന് സംശയം തോന്നിയേക്കാം. ബസ്സിന്റെ ഉള്ളില്‍ തന്നെ മൂന്നിടത്ത് യാത്രക്കൂലി നിക്ഷേപിക്കുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ ബോർഡ് എഴുതി വച്ചിട്ടുണ്ട്. ചില്ലറ ഇല്ലാത്തവർക്ക് അതിനും പരിഹാരമുണ്ട്. ഡ്രൈവറുടെ അടുത്ത് ഒരു ബക്കറ്റ് വച്ചിട്ടുണ്ട്. അതിൽ നാണയത്തുട്ടുകൾ ഉണ്ട്. കയ്യിൽ പണമില്ലെങ്കിൽ ഗൂഗിൾ പേ ചെയ്യാനും അവസരം ഒരുക്കിയിട്ടുണ്ട്. നിരവധി സൗകര്യങ്ങളുള്ള ഉന്നത നിലവാരത്തിൽ സർവീസ് നടത്തുന്ന ഒരു ബസ്സാണ് ഇത്.
ഈ ബസ്സിനുള്ളിൽ ഫെയർ സ്റ്റേജ് ഉൾപ്പെടെ എല്ലാ നിർദ്ദേശങ്ങളും സ്ക്രീനിൽ എഴുതി കാണിക്കും. കൂടാതെ യാത്രക്കാർക്ക് ഇറങ്ങുന്നതിന് സ്റ്റോപ്പ് ബട്ടൺ ഉണ്ട്. ഡ്രൈവറുടെ അടുത്തുള്ള മൈക്കിൽ സ്റ്റോപ്പ് അനൗൺസ്മെൻറ് ഉയരും. മിനി കമ്പ്യൂട്ടർ , മൈക്ക് സിസ്റ്റം , ബസിന്റെ അകത്തും പുറത്തും സി സി ടിവി സംവിധാനം എന്നിവ കൂടാതെ ഓൺലൈൻ ട്രാക്കിംഗ് സൗകര്യവും ബസ്സിൽ ഉണ്ട്. ഓരോ സമയത്തും ബസ് എവിടെ എത്തി എന്നും ഏതു റൂട്ടിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നു എന്നും ബസിന്റെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള വലിയ സ്ക്രീനിലൂടെ അറിയാൻ കഴിയും. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് ഒരു തരത്തിലും കൺഫ്യൂഷൻ ഉണ്ടാകേണ്ട കാര്യമില്ല. ഒരു പഴയ ബസ്സിനെ 3 ലക്ഷത്തോളം രൂപ മുടക്കിയാണ് ഈ രീതിയിൽ മാറ്റിയെടുത്തത്. അനൂപ് ചന്ദ്രന് എന്നയാളാണ് ഈ ബസ്സിന്റെ ഉടമ.