ലിജയ്ക്ക് ആ ദുഃഖം താങ്ങാൻ കഴിഞ്ഞില്ല…മൂന്നു ദിവസത്തിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞ നൊമ്പരത്തില്‍ കൈതപ്പതാൽ എന്ന ഗ്രാമം….
കഴിഞ്ഞ ദിവസമാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ച ദുഃഖം താങ്ങാൻ ആവാതെ അമ്മയും മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു എന്ന വാർത്ത പുറത്തു വരുന്നത്. മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ച സംഭവമായിരുന്നു ഇത്. ഇത് നടന്നത് കൈതപ്പതാൽ എന്ന ഗ്രാമത്തിലാണ്. മൂന്നു ദിവസത്തിനുള്ളിൽ മൂന്ന് ജീവൻ നഷ്ടപ്പെട്ടതിന്റെ ദുഃഖം പേറി നിൽക്കുകയാണ് ഈ ഗ്രാമം.
തിടനാട് കുമ്മണ്ണ് പറമ്പിൽ ടോമിന്റെ ഭാര്യ ലിജ ഇവരുടെ 10 വയസ്സുള്ള മകൻ ബെന്‍ എന്നിവരാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത് രണ്ടു ദിവസം മുൻപാണ്.
ലിജ തൻറെ നാടായ കൈതപ്പതാലിൽ എത്തുന്നത് പ്രസവത്തിനു വേണ്ടിയാണ്. പ്രസവം കഴിഞ്ഞിട്ടും ഇവർ ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോയിരുന്നില്ല. ഇതിനിടെയാണ് കുഞ്ഞ് മരണപ്പെടുന്നത്. മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചത് എന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. ഇത് ലിജയെ ആകെ തളർത്തി. പത്തു വർഷം മുൻപ് ലിജയുടെ മൂത്ത മകനും രോഗബാധിതനായി മരണപ്പെട്ടിരുന്നു. ഈ ദുഃഖത്തിൽ നിന്നും ലിജയ്ക്ക് കരകയറാൻ കഴിഞ്ഞിരുന്നില്ല. മൂന്നാമത്തെ കുട്ടി കൂടി മരിച്ചതോടെ ലിജ എല്ലാ അർത്ഥത്തിലും മാനസികമായി തകർന്നു.
കുഞ്ഞിൻറെ സംസ്കാരം നടന്നതിനു ശേഷം സ്വന്തം അമ്മയുടെ ഒപ്പമാണ് ലിജയും മകനും ഉറങ്ങാൻ കിടന്നത്. രണ്ട് ദിവസത്തിന് ശേഷം കുട്ടിയുടെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി അമ്മയും മറ്റുള്ളവരും പള്ളിയില്‍ പോയ സമയത്താണ് ലിജ തന്റെ മകനെയും കൂട്ടി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. 40 അടിയോളം ആഴമുള്ള കിണർ ആയിരുന്നു ഇത്. അഗ്നിരക്ഷാസേന അംഗങ്ങൾ എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. കിണറിന് അടപ്പ് ഉണ്ടായിരുന്നുവെങ്കിലും അത് മാറ്റിയാണ് ലിജ മകനുമായി കിണറ്റില്‍ ചാടിയത്.